Connect with us

Malappuram

രാവണപ്രഭു; വിടവാങ്ങിയത് നൻമയുടെ കവി

കാന്തപുരം ഉസ്താദിനെക്കുറിച്ച് ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് എഴുതിയ 'കാന്തപുരം' എന്ന കവിത ഏറെ പ്രശസ്തമാണ്.

Published

|

Last Updated

തിരൂരങ്ങാടി | കുട്ടികൾക്ക് വേണ്ടി കവിത എഴുതുക, അവരെക്കൊണ്ട് അത് പാടിക്കുക ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയായിരുന്നു ഇന്നലെ വിടപറഞ്ഞ രാവണപ്രഭു. എട്ടാം വയസ്സിൽ കവിത എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ കവിതകളിൽ ഒട്ടുമിക്കതും പ്രവാചകനെക്കുറിച്ചുള്ളതാണ്.

മുഹമ്മദ് നബിയുടെ ജീവിത ചരിത്രം എല്ലാവിഭാഗം ജനങ്ങളും പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് വളർന്നുവരുന്ന കുട്ടികളിൽ ലാളിത്യ പൂർണമായ ജീവിതത്തിലൂടെ മാതൃകയാക്കേണ്ട നബിയുടെ ജീവിതത്തിലെ ഓരോ അധ്യായവും കുട്ടികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കണമെന്നും രാവണപ്രഭു തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറയാറുണ്ട്. ഈ ഒരു ഉദ്ദേശ്യത്തോടെ പ്രവാചകന്റെ ബാല്യകാല ജീവിതത്തിലെ ഓരോ ഏടും ഉൾക്കൊള്ളുന്ന ബാല കവിതാസമാഹാരം തന്നെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഖുർആനിലെ ആദ്യ സൂക്തമായ ഫാതിഹയുടെ സാരം ഉൾക്കൊള്ളിച്ച് ഫാതിഹ എന്ന കവിത എഴുതിയിട്ടുണ്ട്.

നബിയുടെ ധർമോപദേശത്തെക്കുറിച്ച് രാവണപ്രഭു പാടിയ ‘കാരക്ക തൻ ചീന്ത് ദാനം ചെയ്‌തെങ്കിലും നരകത്തിൽ നിന്നു മൊഴിവാകുക, ഇല്ലതുപോലും കരത്തിലെന്നാകിലോ നല്ലൊരു വാക്കോതി രക്ഷ നേടൂ’
“ആരെ നീ സ്‌നേഹിപ്പതായവൻ മാത്രമേ കൂടെയുണ്ടാവൂ, പരലോകത്തിൽ’ ‘നിശ്ചയമായും ലഹരി പദാർഥങ്ങൾ ഒക്കെ നിഷിദ്ധമാണോർമ വേണം’ തുടങ്ങിയ കവിതകൾ ഏറെ പ്രസക്തമാണ്.
ഹാസ്യകഥകളും കവിതകളും രാവണപ്രഭുവിന് ഹോബിയായിരുന്നു. ആസ്വാദകരെ വെറുതെ ചിരിപ്പിക്കാനുള്ളതല്ല മറിച്ച് ആനുകാലിക വിഷയങ്ങളും തത്വങ്ങളും ഹൃസ്വമായി അവതരിപ്പിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ.

പ്രവാചക പ്രകീർത്തനമായി മാത്രം 500ലേറെ കവിതകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കാന്തപുരം ഉസ്താദിനെക്കുറിച്ച് ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് എഴുതിയ ‘കാന്തപുരം’ എന്ന കവിത ഏറെ പ്രശസ്തമാണ്. കേരളയാത്രയുടെ ചെമ്മാട് നടന്ന സ്വീകരണ സമ്മേളനത്തിൽ പതിനായിരങ്ങൾ നിറഞ്ഞുനിന്ന സദസ്സിൽ രാവണപ്രഭു ഈ കവിത പാടിയിരുന്നു. അടുക്കില്ലാത്ത അടുക്കള, അൽഅമീൻ, ഞങ്ങൾക്ക് പറ്റിയ അമളികൾ, പഞ്ചായത്ത് പ്രസിഡന്റിന്റെ മൂക്ക് തുടങ്ങിയ ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. എസ് എസ് എഫ് സാഹിത്യോത്സവ് വേദികളിലും സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു.

Latest