editorial
രാംലീലയിലെ മനുഷ്യസാഗരം
രാജ്യത്തിന്റെ മുക്കിലും മൂലയിലും ജന്തര്‍ മന്തറുകളും രാംലീല മൈതാനങ്ങളും അരങ്ങേറുന്നുണ്ട്. രാഷ്ട്രപിതാവ് മുന്നോട്ടുവെച്ച സഹനത്തിലും പക്വതയിലും ഊന്നുന്നതാകണം പ്രക്ഷോഭരൂപങ്ങള്.
ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇരമ്പിയ മനുഷ്യസാഗരം രാജ്യത്ത് സാധ്യമാകുന്ന ജനാധിപത്യ ഉണര്‍വിനെ അടയാളപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് പരിഷ്കരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ആരംഭിച്ച പ്രക്ഷോഭ പരമ്പരയിലെ നിര്‍ണായക വഴിത്തിരിവാണ് ഈ ജനസഞ്ചയം.
ഡി എം കെയും എ എ പിയുമൊഴിച്ച് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളും റാലിയിലേക്ക് ഒഴുകിയെത്തി. ഇന്ത്യയെന്ന ആശയം ഉജ്ജ്വലമായി നിലനില്‍ക്കുമെന്നും അരുതായ്മകളെ ഒറ്റക്കെട്ടായി, ജനാധിപത്യപരമായി പ്രതിരോധിക്കാന്‍ പൗരസമൂഹം അനിവാര്യഘട്ടങ്ങളിലെല്ലാം ഉണരുമെന്നും ഉദ്ഘോഷിക്കുന്നതായി ഈ മനുഷ്യപ്രവാഹം. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സി പി ഐ നേതാവ് ഡി രാജ തുടങ്ങിയവരെല്ലാം ക്രൂരമായ ആക്ഷേപങ്ങളും സാമൂഹിക മാധ്യമ ആക്രമണങ്ങളും നേരിട്ടാണ് ഈ സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്.
ദുഷ്പ്രചാരണങ്ങളെ അതിജീവിച്ചും ഒരു വാക്കില്‍ പോലും പിഴവ് വരരുതെന്ന ജാഗ്രത ഉയര്‍ത്തിപ്പിടിച്ചും മാത്രമേ ഈ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാനാകൂ. ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, വിദേശ ഇടപെടലുണ്ട് തുടങ്ങിയ പ്രചാരണമഴിച്ചുവിട്ട് ഈ പ്രക്ഷോഭമുയര്‍ത്തുന്ന മുദ്രാവാക്യത്തെ നിഷ്പ്രഭമാക്കാനാകുമെന്ന് തോന്നുന്നില്ല. അത്രമേല്‍ വ്യക്തതയും കൃത്യതയും ഈ മുദ്രാവാക്യങ്ങള്ക്കുണ്ട്.
വോട്ടര്‍പ്പട്ടികയുടെ തീവ്ര പരിഷ്കരണത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ചട്ടവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങള്‍ കൈകൊണ്ടുവെന്ന വസ്തുത പുറത്തുവന്നത് സഹ കമ്മീഷണര്മാരിലൂടെ തന്നെയാണ്. പിന്നീട് ഫോം ആറിലടക്കം കമ്മീഷന് തന്നെ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. പേര് ചേര്‍ക്കാനുള്ള ഫോം ആറില്‍ മാതാപിതാക്കളെയും പിതാമഹന്മാരെയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിര്‍ണായക യു ടേണിന് കമ്മീഷന് നിര്‍ബന്ധിതമായി. ഒരര്‍ഥത്തില്‍ കുറ്റസമ്മതമായിരുന്നു അത്. വഴിവിട്ട് നടന്ന എല്ലാ നീക്കവും റദ്ദ് ചെയ്യുമെന്ന് ഹരജികള്‍ പരിഗണിക്കവേ സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.
13 കോടി മനുഷ്യരുടെ വോട്ടവകാശം വെട്ടാന്‍ ഇടവരുത്തിയ എസ് ഐ ആര് നടപടികളിലെ ദുരൂഹതകള്‍ നാള്‍ക്കുനാള്‍ രൂക്ഷമാകാന്‍ മാത്രമേ കമ്മീഷന്റെ വിശദീകരണങ്ങള്‍ ഉപകരിച്ചിട്ടുള്ളൂ. എസ് ഐ ആറിന്റെ ഭാഗമായി ഫോറം ആറില്‍ വരുത്തിയ മാറ്റം സുപ്രീം കോടതി അംഗീകരിച്ചതാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം കോടതി നിരാകരിക്കുകയുണ്ടായി. മാറ്റം വരുത്തിയ ഫോറം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എസ് ഐ ആര് പൂര്‍ത്തിയായ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുറത്തായവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കണമെന്നും കോടതി നിഷ്കര്‍ഷിച്ചു.
ഈ ജുഡീഷ്യല്‍ ഇടപെടലുകളും വിദഗ്ധരുടെ നിരീക്ഷണങ്ങളും ഒരേ ബിന്ദുവിലാണ് ചെന്നെത്തുന്നത്. ഗ്യാനേഷ് കുമാര്‍ പദവിയില്‍ തുടരാന്‍ അര്‍ഹനല്ല; എസ് ഐ ആറിന് ശേഷം നലവില്വന്ന വോട്ടര്‍പ്പട്ടിക ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പുകളില്‍ പുനരാലോചന വേണം. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള സമിതി ഉടച്ചുവാര്‍ക്കണം.
ഈ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികളും യുവജനങ്ങളും ആരംഭിച്ച പ്രക്ഷോഭം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ പൗരസംഘടനകളും മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ഒട്ടും വൈകാതെ വഴങ്ങുകയാണ് മുഖ്യ കമ്മീഷണര്‍ ചെയ്യേണ്ടത്. ശരിയായ പരിഹാരത്തിന് വഴിയൊരുക്കുകയാണ് യൂനിയന്‍ സര്‍ക്കാറിന് മുന്നിലെ ഏക വഴി. കര്‍ഷകരടക്കമുള്ളവര്‍ പ്രക്ഷോഭ പാതയിലേക്ക് വന്ന് സമരസാഗരം വിസ്തൃതമാകുകയേയുള്ളൂ. അതാണ് രാംലീല മൈതാനം ഉദ്ഘോഷിക്കുന്നത്.
ഒറ്റയടിക്ക് രൂപപ്പെടുന്ന അതിവൈകാരിക എടുത്തുചാട്ടമല്ല ഈ പ്രക്ഷോഭം. രാംലീല റാലിക്ക് മുന്നോടിയായി ഇന്ത്യാ സഖ്യം നടത്തിയ പ്രതീകാത്മക പാര്‍ലിമെന്റ് സമ്മേളനം ഇതിന് തെളിവാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ സമ്മേളനം എല്ലാനിലക്കും അര്‍ഥപൂര്‍ണമായിരുന്നു. ഭരണപക്ഷം ട്രോളുന്നുണ്ടെങ്കിലും വലിയ ആശയപ്രചാരണ ദൗത്യം ആ ഒത്തിരിപ്പിനുണ്ട്. പാര്‍ലിമെന്റില്‍ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ ഇടം നല്‍കുന്നില്ലെന്ന വിമര്‍ശം അത് ഉയര്‍ത്തിപ്പിടിക്കുന്നു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനം ദീക്ഷിക്കുന്ന പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അത് തുറന്നുകാണിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ ജനകീയ വിചാരണാ പ്രമേയം “പാസ്സാക്കുകയും’ ചെയ്തു ആ പ്രതീകാത്മക സമ്മേളനം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു, പാര്‍ലിമെന്റിന്റെ മേല്‍നോട്ടമോ അറിവോ കൂടാതെ “ഫോം ആറ്’ തിരുത്തിയെഴുതി, ഇ സി ഐ നെറ്റ് സംവിധാനത്തിലൂടെ വോട്ടര്‍പ്പട്ടികയുടെ നിയന്ത്രണം കൈക്കലാക്കി, മറ്റ് രണ്ട് കമ്മീഷണര്‍മാരെ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തി തുടങ്ങിയ കുറ്റങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരെ ഉയര്‍ത്തിയത്.
രാജ്യത്തിന്റെ മുക്കിലും മൂലയിലും ജന്തര്‍ മന്തറുകളും രാംലീല മൈതാനങ്ങളും അരങ്ങേറുന്നുണ്ട്. രാഷ്ട്രപിതാവ് മുന്നോട്ടുവെച്ച സഹനത്തിലും പക്വതയിലും ഊന്നുന്നതാകണം പ്രക്ഷോഭരൂപങ്ങള്. സാവധാനം മുന്നോട്ടുവെക്കുന്ന ഉറച്ച കാല്‍വെപ്പുകളാണ് വേണ്ടത്. പുതിയ രാഷ്ട്രീയം സാധ്യമാകേണ്ടത് ഇന്ത്യന്‍ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ മുന്നേറ്റത്തിലൂടെയാകണം. ഭരണഘടനയുടെ പ്രവേശികാവാക്യം- നാം ഇന്ത്യയിലെ ജനങ്ങള്‍- അപ്പോള്‍ അന്വര്ഥമാകും.
Content Highlights:The massive gathering at Delhi’s Ramlila Maidan marks a crucial turning point in the movement against election reform irregularities. Opposition leaders and citizens united to demand the resignation of Chief Election Commissioner Gyanesh Kumar over unconstitutional changes in Form 6 during the Special Intensive Revision. The protest underscores the resilience of Indian democracy and calls for immediate judicial and parliamentary accountability.




