Kerala
അഞ്ച് ദിവസം മഴ സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രത
കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും പ്രവചനം

തിരുവനന്തപുരം | സംസ്ഥാനത്ത് വരും ദിനങ്ങളില്‍ വ്യാപക മഴക്ക് സാധ്യത. ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ രാത്രി 11.30 വരെ വരെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതോടെ കേരളത്തിലും മഴ സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണയായി ഈ മാസം 22 ഓടെ എത്തേണ്ട കാലവര്‍ഷമാണ് ഈ മേഖലയില്‍ ഇത്തവണ നേരത്തെ എത്തിയത്. കേരളത്തില്‍ കാലവര്‍ഷം മേയ് 27 ഓടെ എത്തിച്ചേരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.