Connect with us

National

മേക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര ബജറ്റില്‍ പുതുതലമുറക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ല

Published

|

Last Updated

ന്യൂ ഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി പരാജയപ്പെട്ടെന്നും നല്ല ആശയമായിരുന്നു ഈ പദ്ധതിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് കടന്നു കയറ്റത്തിന് കാരണം മേക് ഇന്‍ ഇന്ത്യയുടെ പരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ഭൂമി കടന്നു കയറിയെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച പ്രധാനമന്ത്രിയെ സേന തള്ളിയെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ബജറ്റില്‍ പുതുതലമുറക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും മുമ്പ് പറഞ്ഞവയാണ്. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉത്പാദനം കുറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ല. യു പി എ സര്‍ക്കാറിനോ എന്‍ ഡി എ സര്‍ക്കാറിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉത്പാദനമേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടു. ഒരു കാലത്ത് കമ്പ്യൂട്ടറിനെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു.

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയെക്കാള്‍ 10 വര്‍ഷം മുന്നിലാണ്. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എ ഐയും ലോകത്തെ മാറ്റുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയാണ് വേണ്ടത്. നമ്മള്‍ ഒരു നിര്‍മാണ ശൃംഖലക്ക് തുടക്കം കുറിക്കണം. ചൈന ഇക്കാര്യത്തില്‍ ഇന്ത്യ്ക്ക് മുന്നിലാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അമേരിക്കക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് ചെയ്യാന്‍ ഇന്ത്യക്കാകും. അമേരിക്കയുടെ നിര്‍മാണ ചെലവ് നമ്മുടേതില്‍ നിന്ന് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയെ യു.എസിലേക്ക് അയച്ചെന്നും ഉല്‍പാദനരംഗത്ത് നമ്മള്‍ കരുത്തരെങ്കില്‍ യു.എസ്.പ്രസിഡന്‍റ് ക്ഷണിക്കാന്‍ ഇങ്ങോട്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ പറയുന്നത് അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് ഭരണപക്ഷം പ്രതിഷേധിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഇടപെട്ട പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിനോട് തന്റെ വാക്കുക്കള്‍ അസ്വസ്ഥതപ്പെടുത്തിയെങ്കില്‍ ക്ഷമ പറയാമെന്ന് രാഹുല്‍ മറുപടി പറഞ്ഞു. ചൈന എന്തുകൊണ്ട് നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ വന്നു എന്നതാണ് പ്രധാനമെന്ന് രാഹുല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest