National
യുവാക്കള്‍ക്ക് തൊഴില്‍ രാഹിത്യ അലവന്‍സ് പ്രഖ്യാപിച്ച് രാഹുല്‍
ഡിഗ്രിയുള്ളവര്‍ക്ക് 3,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1,500 രൂപയും നല്‍കും. 10 ലക്ഷം പേര്‍ക്ക് ജോലിയും നൽകുമെന്ന് രാഹുൽ
ബെല്‍ഗാവി (കര്‍ണാടക) | ഡിഗ്രിയും ഡിപ്ലോമയുമെല്ലാം ഉണ്ടായിട്ടും ഉദ്യോഗം ലഭിക്കാത്ത യുവാക്കള്‍ക്ക് അലവന്‍സ് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ നടന്ന യുവ ക്രാന്തി റാലിയിലാണ് രാഹുലിന്റെ വാഗ്ദാനം.
ഡിഗ്രിയുള്ളവര്‍ക്ക് 3,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1,500 രൂപയും നല്‍കുമെന്നാണ് രാഹുല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് രാഹുലിന്റെ വാഗ്ദാനം.
രണ്ട് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് നടത്തുന്നത്. ബി ജെ പിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പുറമെ വിവിധങ്ങളായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കുന്നത്.
നേരത്തെ, മൂന്ന് വൻ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ്സ് മുന്നോട്ടുവെച്ചിരുന്നു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ വീടുകള്‍ക്കും നല്‍കുന്ന ഗൃഹ ജ്യോതി പദ്ധതി, ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി, ബി പി എല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്‍കുന്ന അന്ന ഭാഗ്യ എന്നീ പദ്ധതികളാണ് നേരത്തെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് യുവാക്കളെയും യുവതികളെയും പാട്ടിലാക്കാനായി തൊഴില്‍ രഹിത അലവന്‍സ് പ്രഖ്യാപിച്ചത്.
കൂടാതെ, 10 ലക്ഷം പേര്‍ക്ക് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടര ലക്ഷം സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നികത്തുമെന്നും അദ്ദേഹം പറഞ്ഞു.




