Kerala
റേഡിയോ ജോക്കി രാജേഷ് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം | റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
നീചമായ കൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാര്‍ഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി വ്യക്തമാക്കി.കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.തെളിവില്ലെന്ന കാരണത്താല്‍ കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
2018 മാര്‍ച്ച് 27നാണ് കേസിന് ആധാരമായ സംഭവം.കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിംഗ് സ്റ്റുഡിയോക്കുള്ളില്‍ വച്ച് പുലര്‍ച്ചെയാണ് രാജേഷ് കൊല്ലപ്പെട്ടത്.മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. രാജേഷിന് ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും വെട്ടേറ്റിരുന്നു. കേസിലെ ഒന്നാം പ്രതിയും ഖത്വറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്ള സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി വിദേശത്ത് ജോലി നോക്കവെ രാജേഷിന് സൗഹൃദം ഉണ്ടായിരുന്നു, ഇതിനെ തുടര്‍ന്നുള്ള സംശയമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.