Kerala
ആര്‍ നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും; മൂന്ന് പേരെ ഒഴിവാക്കി
പുതുതായി ഉള്‍പ്പെടുത്തിയവരെല്ലാം സജി ചെറിയാനെ അനുകൂലിക്കുന്നവരാണ്.

ആലപ്പുഴ | സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. ജില്ലാ കമ്മറ്റിയില്‍ നിന്ന് മൂന്നു പേരെ ഒഴിവാക്കി. ഡി ലക്ഷ്മണന്‍ ,ബി രാജേന്ദ്രന്‍, വിശ്വംഭരപണിക്കര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമിതി അംഗം സജി ചെറിയാന്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായി.
ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തി. ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആര്‍ രാഹുല്‍, പ്രസിഡന്റ് ജയിംസ് സാമുവല്‍, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണന്‍, ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം ശശികുമാര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവരെയാണ് ജില്ലാ കമ്മറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
46 അംഗങ്ങളാണ് ജില്ലാ കമ്മറ്റിയില്‍ ഉള്ളത്. പുതുതായി ഉള്‍പ്പെടുത്തിയവരെല്ലാം സജി ചെറിയാനെ അനുകൂലിക്കുന്നവരാണ്.
ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചേര്‍ത്തലയില്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയായതിനാല്‍ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍ അവസാന നിമിഷവും സജീവമായില്ലെന്നുമായിരുന്നു വിമര്‍ശനം. ആലപ്പുഴ ജില്ലയില്‍ വിഭാഗീയത രൂക്ഷമെന്നാണ് സിപിഎം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. തകഴി, മാന്നാര്‍, ഹരിപ്പാട് സമ്മേളനങ്ങളില്‍ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അണികള്‍ക്ക് ഇടയിലും നേതാക്കള്‍ക്ക് ഇടയിലും മാനസിക ഐക്യം തകര്‍ന്നത് പ്രകടമാണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാര്‍ഥി സ്വീകാര്യനായിരുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.