Connect with us

Kerala

അഭ്യന്തര മന്ത്രിയാക്കാമെന്ന് യു ഡി എഫ് സമ്മതിച്ചാല്‍ പത്രിക പിന്‍വലിക്കാമെന്ന് പി വി അന്‍വര്‍

മലപ്പുറം വിഭജിച്ച് പുതിയ ജില്ലവേണം, വനം വകുപ്പും നല്‍കണം

Published

|

Last Updated

മലപ്പുറം | 2026ല്‍ യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും നല്‍കി മന്ത്രിയാക്കാമെന്ന് ഉറപ്പു തന്നാല്‍ പത്രിക പിന്‍വലിക്കാമെന്ന ഉപാധിയുമായി പി വി അന്‍വര്‍. അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് വി ഡി സതീശനെ മാറ്റുമെന്ന് ഉറപ്പു നല്‍കണം.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്നാണ് യു ഡി എഫിന് മുന്നില്‍ പി വി അന്‍വറിന്റെ പുതിയ ഉപാധികള്‍. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകള്‍ ഉള്‍പ്പെടുത്തി പുതിയ ജില്ല ഉണ്ടാക്കണമെന്നും അന്‍വര്‍ ഉപാധിവച്ചു.

പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില യു ഡി എഫ് നേതാക്കള്‍ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. യു ഡി എഫുമായി യോജിച്ച് പേകാന്‍ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വി ഡി സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി ഡി സതീശനെ മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

വിഡി സതീശനാണ് തന്നെ മത്സരരംഗത്തേക്ക് തള്ളിവിട്ടതെന്നും അന്‍വര്‍ പറഞ്ഞു. ഒരു പിണറായിയെ ഉള്‍ക്കൊള്ളാനാവാഞ്ഞിട്ടാണ് എല്‍ ഡി എഫ് വിട്ടത്. പിന്നെയാണോ മുക്കാല്‍ പിണറായിയായ വി ഡി സതിശനെന്നും അന്‍വര്‍ ചോദിച്ചു.

മത്സരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന് രാവിലെ അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്രിക പിന്‍വലിച്ചാല്‍ താന്‍ മരിച്ചുവെന്നാണ് അര്‍ഥമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രധാന സ്ഥാനാര്‍ഥികളുടെ ഡമ്മികള്‍ അടക്കം 14 പേരാണ് പട്ടികയില്‍ ഉള്ളത്.

 

---- facebook comment plugin here -----

Latest