National
കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം; എ എ പി നേതാക്കളെ കസ്റ്റഡിയിലെടുത്തു നീക്കി
മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവരെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി ബി ഐ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച എ എ പി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവരെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മനും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും അദ്ദേഹം സമര കേന്ദ്രത്തില്‍ നിന്ന് മാറിയതിനു പിന്നാലെയായിരുന്നു നടപടി.
സി ബി ഐ ആസ്ഥാനത്തിന് പുറത്തായിരുന്നു പ്രതിഷേധം. ഗതാഗത തടസ്സമുണ്ടാകുന്നതിനാല്‍ സമരം അവസാനിപ്പിച്ച് ഇവിടെ നിന്ന് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബാരിക്കേഡ് വച്ച് ഗതാഗത തടസ്സം ഉണ്ടാക്കിയത് പോലീസാണെന്ന് നേതാക്കള്‍ ആരോപിച്ചു.
കെജ്രിവാളിനെ ചോദ്യം ചെയ്യുന്ന് നാലു മണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്രിവാള്‍ സി ബി ഐ ഓഫീസിലേക്ക് തിരിച്ചത്. സി ബി ഐ യുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയും കെജ്രിവാള്‍ നല്‍കി.