Kerala
പ്രതിഷേധം, സമ്മര്‍ദം; കൂട്ടിയ ഇന്ധന സെസ് ഒരു രൂപയായി കുറച്ചേക്കും
സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനവികാരം മാനിക്കുന്നതായി വിശദീകരിച്ചാവും നടപടി സ്വീകരിക്കുക.

തിരുവനന്തപുരം | സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് പ്രഖ്യാപിച്ച രണ്ട് രൂപ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധത്തിനു പുറമെ മുന്നണിയില്‍ നിന്ന് തന്നെ സമ്മര്‍ദം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
ബജറ്റ് പാസാക്കുന്നതിനു മുന്നോടിയായി സെസ് ഒരു രൂപയായി കുറയ്ക്കാനാണ് നീക്കം. സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനവികാരം മാനിക്കുന്നതായി വിശദീകരിച്ചാവും നടപടി സ്വീകരിക്കുക.
ജനങ്ങളെ ദുരിതത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് ബജറ്റ് അവതരണം നടന്ന ഉടനെത്തന്നെ യു ഡി എഫ് ആരോപിച്ചിരുന്നു. സഭക്കുള്ളിലും പുറത്തുമുള്ള പ്രതിഷേധ പരിപാടികളാണ് മുന്നണി ആസൂത്രണം ചെയ്യുന്നത്. നാളെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്കും ഒമ്പതാം തീയതി ഡി സി സികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. നാളെ ചേരുന്ന യു ഡി എഫ് യോഗത്തിലും സമര പരിപാടികള്‍ തീരുമാനിക്കും.