Connect with us

Career Notification

തയ്യാറെടുക്കാം സിവിൽ സർവീസിന്

പ്രിലിമിനറി പരീക്ഷ മെയ് 28ന്. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 21

Published

|

Last Updated

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷക്ക് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രസർക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 1,105 ഒഴിവുകളുണ്ട്. ഭിന്നശേഷിക്കാർക്കായി 37 ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടക്കുള്ള ഏറ്റവും വലിയ ഒഴിവുകളാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്. മെയ് 28നാണ് പ്രിലിമിനറി പരീക്ഷ. ആറ് തവണ എഴുതിയവർക്ക് അപേക്ഷിക്കാൻ യോഗ്യത ഇല്ല. എന്നാൽ, പട്ടികവിഭാഗക്കാർക്ക് പരിധി ബാധകമല്ല. മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അംഗപരിമിതർക്കും ഒമ്പത് അവസരം ലഭിക്കും.

ഒഴിവുകൾ– ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ്, ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസ്, ഇന്ത്യൻ കോർപറേറ്റ് ലോ സർവീസ്, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്‌സ് സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ പി ആൻഡ് ടി അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് സർവീസ്, ഇന്ത്യൻ റവന്യൂ സർവീസ്(കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്‌സ്, ഇൻകം ടാക്‌സ്), ഇന്ത്യൻ ട്രേഡ് സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസ്, ആംഡ് ഫോഴ്‌സസ് ഹെഡ്ക്വാർട്ടേഴ്‌സ് സിവിൽ സർവീസ്, വിവിധ കേന്ദ്രഭരണപ്രദേശങ്ങളിലുള്ള സിവിൽ സർവീസും പോലീസ് സർവീസും.

യോഗ്യത– ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയോടൊപ്പം യോഗ്യത നേടിയതിൻ്റെ തെളിവ് ഹാജരാക്കണം. മെഡിക്കൽ ബിരുദമുള്ളവർ ഇൻ്റെൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇൻ്റർവ്യൂ സമയത്ത് ഹാജരാക്കണം. ബിരുദത്തിന് തുല്യമായുള്ള പ്രഫഷനൽ, ടെക്‌നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.

പ്രായം– 2023 ആഗസ്റ്റ് ഒന്നിന് 21-32. പട്ടിക വിഭാഗത്തിന് അഞ്ചും ഒ ബി സിക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷ ഇളവുണ്ട്. വിമുക്തഭടൻമാർക്കും ഇളവ്.
തിരഞ്ഞെടുപ്പ്- പ്രിലിമിനറി, മെയിൻ പരീക്ഷ, പേഴ്‌സാനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷക്ക് തിരുവനന്തപുരം മാത്രമാണ് കേന്ദ്രം.

പ്രിലിമിനറി– 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷക്കുണ്ടാവുക. 100 വീതം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. രണ്ട് മണിക്കൂറാണ് പരീക്ഷാ സമയം. പേപ്പറിന് യോഗ്യത നേടാനാവശ്യമായ 33 ശതമാനം മാർക്ക് നേടിയാൽ മതി. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. മെയിൻ പരീക്ഷ ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലാണ്. 250 മാർക്ക് വീതമുള്ള ഏഴ് പേപ്പറുകൾ ഉൾപ്പെടുന്നതാണ് മെയിൻ പരീക്ഷ. ഇതിൽ രണ്ടെണ്ണം ഓപ്ഷണൽ സബ്ജക്ടിൻ്റെ പേപ്പറുകളായിരിക്കും. ആകെ 1,750 മാർക്കിൻ്റെ പരീക്ഷയാണ് നടത്തുക. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. സെപ്തംബർ 15 മുതലാണ് മെയിൻ പരീക്ഷ നടക്കുക.

ഫീസ്– 100 രൂപ. ഓൺലൈനായോ ചെലാനുപയോഗിച്ചോ എസ് ബി ഐ ശാഖകളിൽ അടക്കാം. വനിത, എസ് ടി, എസ് സി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം- www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം.