Kerala
പ്രതാപ ചന്ദ്രന്‍ നായരുടെ മരണം: ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും
മക്കളായ പ്രജിത്തും പ്രീതിയും ഡി ജി പിക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തിരുവനന്തപുരം | കെ പി സി സി ട്രഷറര്‍ ആയിരുന്ന പ്രതാപ ചന്ദ്രന്‍ നായരുടെ മരണം പോലീസ് അന്വേഷിക്കും. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനം കാരണമാണ് പ്രതാപ ചന്ദ്രന്‍ മരിച്ചതെന്നു കാട്ടി മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിന്റെ ഫലമായി പരാതി പിന്നീട് പിന്‍വലിച്ചിരുന്നെങ്കിലും സുധാകരന്‍ വാക്കുപാലിച്ചില്ലെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി പ്രതാപ ചന്ദ്രന്‍ നായരുടെ മക്കള്‍ രംഗത്തുവന്നു. മക്കളായ പ്രജിത്തും പ്രീതിയും ഡി ജി പിക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കെ പി സി സിയുടെ ഫണ്ട് കട്ടുമുടിക്കുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിച്ചത് പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.