Connect with us

Editorial

മണ്ഡല പുനര്‍നിര്‍ണയത്തിനു പിന്നില്‍ രാഷ്ട്രീയ അജന്‍ഡ

രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക ദൂരീകരിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിരാഷ്ട്രീയം നിര്‍ണയിക്കുന്ന നിര്‍ണായക നടപടിയാണിത്.

Published

|

Last Updated

ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അടിക്കല്ല് ഇളക്കുന്നതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അപ്രസക്തമാക്കുന്നതുമാണ് 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്സഭാ മണ്ഡലങ്ങളെ പുനര്‍നിര്‍ണയിക്കാനുള്ള (ഡീലിമിറ്റേഷന്‍) കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പുനര്‍വിഭജനം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമായ സാങ്കേതിക പ്രക്രിയയായി തോന്നാമെങ്കിലും ഇന്ത്യ പോലുള്ള സാമൂഹിക- സാമ്പത്തിക വൈജാത്യങ്ങളും വികസന രംഗത്ത് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകളും നിലനില്‍ക്കുന്ന രാജ്യത്ത് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും.

ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയ സംസ്ഥാനങ്ങളാണ് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. അതേസമയം ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളില്‍ അതുണ്ടായില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച കുറയാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിക്കാനും ഇതിടയാക്കി.

ഇത്തരമൊരു സാഹചര്യത്തില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്ഡലങ്ങളുടെ എണ്ണം വന്‍തോതില്‍ കൂടും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിയ വര്‍ധനവേ ഉണ്ടാകുന്നുള്ളൂ. ഇത് രാജ്യത്തിന്റെ നയനിര്‍ണയത്തില്‍ ദക്ഷിണേന്ത്യയുടെ സ്വാധീനം കുറയാനിടയാക്കുകയും ഫെഡറല്‍ സമത്വത്തില്‍ കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ദേശീയ താത്പര്യത്തിന്റെ പേരില്‍ കേന്ദ്രം ആവിഷ്‌കരിച്ച കുടുംബക്ഷേമ പദ്ധതികള്‍ നന്നായി നടപ്പാക്കിയതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ശിക്ഷയായി മാറും ഫലത്തില്‍ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയം. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വൈവിധ്യങ്ങളും സംസ്ഥാനങ്ങള്‍ നടപ്പാക്കിയ വികസന നയങ്ങളും കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കേണ്ടത്.

സംസ്ഥാനങ്ങളുടെ ഒരു യൂനിയനാണ് ഭരണഘടന പ്രകാരം ഇന്ത്യ. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും നയരൂപവത്കരണത്തില്‍ തുല്യപങ്കാളിത്തമുണ്ടായിരിക്കണം. ജനസംഖ്യയെ മാത്രം ആശ്രയിച്ച് മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രീയ കേന്ദ്രം ഉത്തരേന്ത്യ മാത്രമായി ചുരുങ്ങുകയും ഉത്തരേന്ത്യയില്‍ കൂടുതല്‍ ആധിപത്യമുള്ള പാര്‍ട്ടികള്‍ അധികാരത്തിലേറുകയും ചെയ്യും. രാജ്യം ഭരിക്കാന്‍ ദക്ഷിണേന്ത്യയുടെയോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയോ പിന്തുണ ആവശ്യമില്ലാത്ത സ്ഥിതി കൈവരികയും ചെയ്യും. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാരെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്നതിനു തുല്യമാണ്. മാത്രമല്ല, പാര്‍ലിമെന്റില്‍ പ്രാദേശിക വൈവിധ്യങ്ങളും സാംസ്‌കാരിക സ്വത്വങ്ങളും ഇല്ലാതാകുകയും ചെയ്യും.

നിലവിലെ കേന്ദ്ര ഭരണകക്ഷിയായ ബി ജെ പിയുടെ രാഷ്ട്രീയ താത്പര്യമാണ് ഈ നീക്കത്തിന്റെ പിന്നിലെന്ന് സന്ദേഹിക്കേണ്ടതുണ്ട്. ജനസംഖ്യാനുപാതികമായ പുനര്‍നിര്‍ണയം നടത്തിയാല്‍ ബി ജെ പിക്ക് കൂടുതല്‍ സ്വാധീനമുള്ള ഉത്തരേന്ത്യയിലെ ഹിന്ദി ബെല്‍റ്റിലാണ് സീറ്റുകളില്‍ ഗണ്യമായി വര്‍ധനവുണ്ടാകുന്നത്. തമിഴ്നാട്ടിലെയും പശ്ചിമബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ 29ന് ശേഷം സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്ത ശേഷം മതി, പാര്‍ലിമെന്റില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെ അവതരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്. അത് തള്ളിയാണ് സര്‍ക്കാര്‍ ഇന്നലെ ധൃതിപിടിച്ച് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ല് പാസ്സായാല്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാറിന് കേവല ഭൂരിപക്ഷം മാത്രം മതിയാകും. പാര്‍ലിമെന്റിനെയോ പ്രതിപക്ഷത്തെയോ കണക്കിലെടുക്കാതെ മണ്ഡല പുനര്‍നിര്‍ണയത്തിന് സര്‍ക്കാര്‍ ധൃതികൂട്ടുന്നതെന്തിനാണ്? 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അസമിലും ജമ്മു കശ്മീരിലും മണ്ഡലങ്ങള്‍ ഏകപക്ഷീയമായി പുനര്‍നിര്‍ണയിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത രീതി രാജ്യവ്യാപകമായി പയറ്റുകയാണ് മോദി സര്‍ക്കാര്‍.

രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക ദൂരീകരിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിരാഷ്ട്രീയം നിര്‍ണയിക്കുന്ന നിര്‍ണായക നടപടിയാണിത്. നീതിയോടെയും സമത്വത്തോടെയും നടപ്പാക്കാത്ത പക്ഷം അത് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടമാക്കും. ജനസംഖ്യയുടെ ഗണിതശാസ്ത്രത്തില്‍ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ വൈവിധ്യവും ഫെഡറല്‍ സംവിധാനവും സംസ്ഥാനങ്ങളുടെ വികസന സൂചികകളും കണക്കിലെടുത്തു കൊണ്ടുള്ള ഒരു ഫോര്‍മുലയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. രാജ്യസഭയുടെ കാര്യത്തില്‍ അമേരിക്കന്‍ സെനറ്റ് മാതൃകയില്‍, വലിപ്പമോ ജനസംഖ്യയോ നോക്കാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യം നല്‍കുന്ന രീതിയും പരിഗണിക്കാവുന്നതാണ്.

സംസ്ഥാനങ്ങള്‍ക്ക് അവരുടെ വ്യക്തിത്വവും അവകാശങ്ങളും സ്വാധീനവും ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്. ജനാധിപത്യവും ഫെഡറലിസവും ശക്തിപ്പെടുത്തുന്നതിനു പകരം വിഭജനത്തിന്റെയും അനൈക്യത്തിന്റെയും വിത്ത് വിതക്കുന്ന ഒരു നടപടിയായി ഇത് മാറരുത്. കേവലം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള കുറുക്കു വഴിയായി മണ്ഡല പുനര്‍നിര്‍ണയത്തെ ദുരുപയോഗപ്പെടുത്തുന്നത് വിഘടനവാദം ഉയര്‍ന്നുവരാന്‍ ഇടയാക്കും.

 

Latest