Connect with us

PLUS ONE SEAT

പ്ലസ് വണ്‍ സീറ്റുകള്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പുനഃക്രമീകരിക്കണം: മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ്

'താല്‍ക്കാലിക ബാച്ചുകളല്ല, സ്ഥിരം പരിഹാരമാണ് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്'

Published

|

Last Updated

കോഴിക്കോട് | മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തണമെങ്കില്‍ കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ ഓരോ സ്‌കൂളുകളിലെയും എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പുനഃക്രമീകരിക്കണമെന്ന് മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ തുടങ്ങിയ അഡ്മിഷന്‍ നടപടികള്‍ മൂന്ന് മാസമായിട്ടും അവസാനിപ്പിക്കാതെ മലബാറിലെ വിദ്യാര്‍ത്ഥികളെ മാനസിക പീഡനത്തിന് ഇരയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ റഗുലര്‍ പ്രവേശനം ലഭിക്കാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഓപ്പണ്‍ സ്‌കൂളുകളിലും പ്രവേശനം നേടിയ ശേഷം വളരെ വൈകി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിട്ട് പ്രയോജനമില്ല. താല്‍ക്കാലിക ബാച്ചുകളല്ല, സ്ഥിരം പരിഹാരമാണ് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്.

ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി സീറ്റ് പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണുക, മലബാറിനോടുള്ള ചിറ്റമ്മ നയം സര്‍ക്കാര്‍ അവസാനിപ്പിക്കുക, പ്ലസ് വണ്‍ സീറ്റുകള്‍ പത്താംതരം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പുനര്‍വിന്യസിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിത കാല സമരം തുടങ്ങാന്‍ ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരുടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാരന്റ്‌സ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സമരപ്രഖ്യാപനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴിക്കോട്ട് നടക്കും. യോഗത്തില്‍ ഡോ. മുഹമ്മദ് കുട്ടി, അക്ഷയ് കുമാര്‍, ഹാഷിം, ബഷീര്‍ കൊടുവള്ളി, തുടങ്ങിയവര്‍ സംസാരിച്ചു.

Latest