Connect with us

National

ഗ്യാൻവാപി പള്ളിയിൽ പൂജക്ക് അനുമതി; വാരാണസി കോടതി വിധിക്ക് എതിരെ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ

ഹർജി ഉടൻ പരിണഗണിച്ചേക്കും

Published

|

Last Updated

ന്യൂഡൽഹി | ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയ വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകി. മുതിർന്ന അഭിഭാഷകൻ എസ് എഫ് എ നഖ്‍വി ഹരജി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന്, വേഗത്തിൽ പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാർക്ക് അപേക്ഷ നൽകാൻ കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിന് മനോജ് കുമാർ ഗുപ്ത നിർദേശം നൽകി. ഇതേ തുടർന്ന് ഹരജിക്കാർ രജിസ്ട്രാർക്ക് ഇതുസംബന്ധിച്ച് അപേക്ഷ നൽകി. ഹർജി ഉടൻ പരിണഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലാ കോടതി വിധിക്ക് എതിരെ മസ്ജിദ് കമ്മിറ്റി ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി വേഗത്തിൽ കേൾക്കാൻ വിസമ്മതിച്ച കോടതി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെയാണ് ഗ്യാന്‍വാപി പള്ളിയില്‍ പൂജ ചെയ്യാന്‍ ഹിന്ദു വിഭാഗത്തിന് വാരാണസി കോടതി അനുമതി നൽകിയത്. മസ്ജിദിന് താഴെയുള്ള സീല്‍ ചെയ്ത നിലവറക്കുള്ളില്‍ പൂജ നടത്താനാണ് അനുമതി. ഉത്തരവ് പ്രകാരം മസ്ജിദിലെ സീല്‍ ചെയ്ത ഭാഗമായ വ്യാസ് കാ തെഖാനയില്‍ ഭക്തര്‍ക്ക് പൂജകള്‍ നടത്താം.ഗ്യാന്‍വാപി പള്ളി ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായും അതില്‍ പൂജ നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് മസ്ജിദില്‍ പൂജ നടത്താന്‍ കോടതി അനുമതി നല്‍കിയത്.

വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പൂജാ കര്‍മ്മങ്ങള്‍ നടത്തേണ്ടതെന്നും ഏഴ് ദിവസത്തിനുള്ളില്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മസ്ജിദില്‍ സര്‍വേ നടത്തുകയും കഴിഞ്ഞ ബുധനാഴ്ച ഈ സര്‍വേ റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്നു വി എച്ച് പി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്തു മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.