Connect with us

Saudi Arabia

ഇനി സമാധാന രാവുകൾ; യമൻ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു

അബഹയിൽ നിന്നും വിമാനത്തിൽ നിന്നും 120 ഹൂതി വിമത തടവുകാരുമായി വിമാനം സൻആ വിമാനത്താവളത്തിലെത്തി

Published

|

Last Updated

റിയാദ് |യമനിൽ ഒമ്പത് വർഷമായി തുടരുന്ന ആഭ്യന്തര സംഘർഷത്തിന് പരിഹാരം കാണുന്നതിനും മേഖലയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സഊദി – ഒമാനി പ്രതിനിധികൾ യെമൻ തലസ്ഥാനമായ സനയിൽ ഹൂതി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ പൂർത്തിയായതോടെ ആഭ്യന്തര യുദ്ധത്തിന് താത്കാലിക വിരാമമായി.

ആദ്യ തടവുകാരുടെ കൈമാറ്റ ദിനമായ വെള്ളിയാഴ്ച ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) വിമാനങ്ങളിൽ 318 തടവുകാർ യമൻ തലസ്ഥാനമായ സൻആയിലേക്കും,ഏദനിലേക്കും യാത്ര തിരിച്ചു. ഇവരിൽ മുൻ പ്രതിരോധ മന്ത്രി മഹ്മൂദ് അൽ സുബൈഹി, മുൻ പ്രസിഡന്റ് നാസർ മൻസൂർ ഹാദിയുടെ സഹോദരൻ എന്നിവരുൾപ്പെടെ 69 പേരും ഉൾപ്പെടും.

തട്ടിക്കൊണ്ടുപോയവരെയും തടവുകാരെയും സ്വീകരിക്കുന്നതിന് യമൻ ഗോത്രങ്ങളിൽ ഏറ്റവും പ്രമുഖരായ അൽ-സുബൈഹി ഗോത്രക്കാർ ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് ഒഴുകിയെത്തിയവരെ കൊണ്ട് ഏദനിലെ അന്തരാഷ്ട്ര വിമാനത്താവളം തിങ്ങിനിറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

ഈദുൽ ഫിത്തറിന് മുമ്പായി തടവുകാരുടെ കൈമാറ്റം ആരംഭിച്ചതായി ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ മാധ്യമ ഉപദേഷ്ടാവ് ജെസീക്ക മൊസാൻ പറഞ്ഞു. മൾട്ടി-ഡേ എക്സ്ചേഞ്ചിന്റെ ഭാഗമായി യമനിലെ ആറ് വിമാനത്താവളങ്ങളിലേക്ക് 15 വിമാന സർവ്വീസുകളിലൂടെ 800-ലധികം തടവുകാരെ കൈമാറൽ മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്ന് തടവുകാരുടെ ചർച്ചകൾക്കായി നിയോഗിച്ച സർക്കാർ പ്രതിനിധി സംഘത്തിന്റെ വക്താവും മനുഷ്യാവകാശ മന്ത്രാലയം അണ്ടർസെക്രട്ടറിയുമായ മജീദ് ഫദേൽ പറഞ്ഞു.

രണ്ടാം ദിനമായ ശനിയാഴ്ച 120 ഹൂതി വിമത തടവുകാരുമായി ദക്ഷിണ സഊദി നഗരമായ അബഹയിൽ നിന്ന് സൻആ വിമാനത്താവളത്തിലെത്തി. സഖ്യസേനയിൽ നിന്നുള്ള 16 സഊദി തടവുകാരും 3 സുഡാനി തടവുകാരും ഉൾപ്പെടെ 19 തടവുകാർ ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. അബഹ വിമാനത്തവാളത്തിൽ നിന്നും ഹൂതി തടവുകാരെ മോചിപ്പിച്ചതിന് പകരമായാണ് സഊദി തടവുകാരുടെ കൈമാറ്റം.

റിയാദിലെ കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തിയവരെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് അൽ റുവൈലി, ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, ജോയിന്റ് ഫോഴ്‌സ് കമാൻഡർ, ലെഫ്റ്റനന്റ് ജനറൽ മുത്തലാഖ് ബിൻ സലേം അൽ എന്നിവർ സ്വീകരിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2023 മാർച്ചിൽ ഗവൺമെന്റും ഹൂതികളും ബേണിൽ നടന്ന ചർച്ചകളിൽ 880 ലധികം തടവുകാരെ കൈമാറാനുള്ള കരാറിൽ എത്തിയതിന് ശേഷമാണ് കൈമാറ്റ നടപടികൾക്ക് തുടക്കമായത്. കരാർ പ്രകാരം സർക്കാർ സേനയുടെ കൈവശമുള്ള 706 തടവുകാരെയും പകരമായി 181 തടവുകാരെ ഹൂതികളും മോചിപ്പിക്കും.

2020 ഒക്ടോബറിലായിരുന്നു അവസാനമായി തടവുകാരെ കൈമാറിയത് 1,050 ലധികം തടവുകാരെയാണ് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത്.

സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലൂടെ യെമൻ പ്രതിസന്ധി പരിഹരിക്കാനുള്ള ജിസിസി അംഗരാജ്യങ്ങളുടെ നിലപാടിനെയും മധ്യസ്ഥത ശ്രമങ്ങൾ നടത്തിയ സഊദി – ഒമാനി പ്രതിനിധികളുടെ ആത്മാർത്ഥമായ ശ്രമങ്ങളെയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസെം അൽ ബുദൈവി അഭിനന്ദിച്ചു.

Latest