Kasargod
പി ബി അഹ്മദ് ഹാജി നിര്യാതനായി
ജാമിഅ സഅദിയ്യ, കാരന്തൂര്‍ സുന്നി മര്‍കസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സജീവ സഹകാരിയായിരുന്നു.

കാസര്‍കോട് | വ്യവസായ പ്രമുഖനും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ പി ബി അഹ്മദ് ഹാജി (68) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്കാണ് വിടപറഞ്ഞത്.
കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ അഹ്മദ് ഹാജി ഐ എന്‍ എലിലൂടെയാണ് ചെങ്കള പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റായത്. ജാമിഅ സഅദിയ്യ, കാരന്തൂര്‍ സുന്നി മര്‍കസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സജീവ സഹകാരിയായിരുന്നു.
ഉള്ളാള്‍ തങ്ങള്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കുമ്പോല്‍ തങ്ങള്‍ തുടങ്ങിയ പണ്ഡിത നേതൃത്വത്തോട് വലിയ ബന്ധം പുലര്‍ത്തിയ അദ്ദേഹം കേരള മുസ്ലിം ജമാഅത്ത് അംഗത്വമെടുത്ത് സുന്നി പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നിലവില്‍ കാസര്‍കോട് ജില്ലാ സുന്നി സെന്റര്‍ നവീകരണ കമ്മിറ്റി ഫിനാന്‍സ് സെക്രട്ടറിയാണ്.
കാന്തപുരത്തിന്റെ രണ്ടാം കേരള യാത്രയുടെ സംഘാടകരില്‍ പ്രമുഖനായിരുന്നു അഹ്മദ് ഹാജി. പടിഞ്ഞാര്‍മൂല ബീരാന്‍ ഹാജി-ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: തൗസീഫ്, തംസീര്‍ (ദുബൈ) തസാലീമ. മരുമക്കള്‍: നിസാം അപ്സര (ദുബൈ), സാനിയ, ആഇശ. സഹോദരങ്ങള്‍: മുന്‍ എം എല്‍ എ. അബ്ദുല്‍ റസാഖ്, പി ബി അബ്ദുല്‍ റഹ്മാന്‍, റുഖിയ, പരേതരായ പി ബി മുഹമ്മദ്, പി ബി അബ്ദുല്ല, പി ബി അബൂബക്കര്‍, പി ബി മുത്വലിബ്, ആയിഷ. ഖബറടക്കം നാളെ രാവിലെ 10.30ന് നായന്മാര്‍മൂല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സെക്രട്ടറി എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, സെക്രട്ടറി എന്‍ അലി അബ്ദുല്ല, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ മദനി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, അസീസ് കടപ്പുറം തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പി ബി അഹ്മദ് ഹാജിയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും സുന്നി നേതാക്കള്‍ അഭ്യര്‍ഥിച്ചു.