Connect with us

Kerala

പോളിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നു; വീണാ ജോര്‍ജ്

വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ട പോളിന് മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. പോളിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.

കാട്ടാന ആക്രമണത്തില്‍ പോളിന്റെ വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നുവെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ രാജേഷിനെ താന്‍ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടര്‍ രാജേഷ് ഉടന്‍ തന്നെ പ്രത്യേക ടീമിനെ സജ്ജമാക്കി. സര്‍ജറി ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. വീണ്ടും സിടി സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറി ഉടന്‍ വേണ്ട എന്നാണ് മാനന്തവാടിയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടേക്ക് മാറ്റിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്ത് വേണം എന്നുള്ളത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നതെന്നും ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായത്തിനാണ് പ്രധാന്യമെന്നും മന്ത്രി പറഞ്ഞു. നിര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ജനങ്ങള്‍ വനം വകുപ്പിന്റെ ജീപ്പിനു റീത്ത് വച്ചു. ചിലര്‍ ജീപ്പിന്റെ റൂഫ് വലിച്ചു കീറുകയും ടയറിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു. പ്രതിഷേധത്തില്‍ ജനപ്രതിനിധികളും പങ്കെടുത്തു. മുള്ളന്‍കൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.

പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ വൈദികരുടെ സഹായത്തോടെ പോലീസ് നീക്കം നടത്തുകയാണ്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നല്‍കും. 10 ലക്ഷം ആദ്യം നല്‍കും. ഭാര്യക്ക് സ്ഥിരം ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കാനുള്ള ശുപാര്‍ശ ചെയ്യുമെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലെ മൃതദേഹം ഏറ്റു വാങ്ങു എന്ന നിലപാടിലാണ് ബന്ധുക്കള്‍.

ഇന്നലെ രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിനു സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്.ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

 

Latest