Connect with us

ആരോഗ്യം

പാർക്കിൻസൺ: പരിഹാരത്തിന് പോഷകാഹാരവും

ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിർദേശങ്ങൾക്കൊപ്പം കുടുംബാംഗങ്ങളുടെ സ്‌നേഹപൂർണമായ പരിചരണവും കൂടി ചേരുമ്പോൾ പാർക്കിൻസൺ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും.

Published

|

Last Updated

പാർക്കിൻസൺ രോഗം കേവലം ഒരു നാഡീരോഗം മാത്രമല്ല; അത് രോഗിയുടെ ഭക്ഷണശീലത്തെയും ദഹനപ്രക്രിയയെയും സാരമായി ബാധിക്കുന്നു. വിറയൽ, പേശികളുടെ മുറുകൽ എന്നിവയോടൊപ്പം തന്നെ ഭക്ഷണത്തോടുള്ള താത്പര്യക്കുറവും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും രോഗികളിൽ കണ്ടുവരുന്നു. ശരിയായ പോഷണം ഉറപ്പാക്കുന്നതിലൂടെ രോഗാവസ്ഥയെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും.

പ്രധാന പോഷകാഹാര പ്രശ്‌നങ്ങൾ

രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ താഴെ പറയുന്ന പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്.

മലബന്ധം

പ്രവർത്തനക്ഷമതയിലെ കുറവും കുടലിന്റെ മന്ദഗതിയിലുള്ള പ്രവർത്തനവും ഇതിന് കാരണമാകുന്നു.

ഭാരം കുറയുക

അനിയന്ത്രിതമായ ചലനങ്ങൾ (Tremors) മൂലം കൂടുതൽ ഊർജം നഷ്ടപ്പെടുന്നത് ഭാരം കുറയാൻ കാരണമാകും.

ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം (Dysphagia)
തൊണ്ടയിലെ പേശികളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നത് ഭക്ഷണം വിഴുങ്ങുന്നത് പ്രയാസകരമാക്കും.

ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
ധാരാളം നാരുകൾ ഉൾപ്പെടുത്തുക

മലബന്ധം ഒഴിവാക്കാൻ തവിടോടു കൂടിയ ധാന്യങ്ങൾ, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.

ജലാംശം നിലനിർത്തുക

ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് മലബന്ധം കുറയ്ക്കാനും മരുന്നുകളുടെ പാർശ്വഫലമായുണ്ടാകുന്ന തലകറക്കം ഒഴിവാക്കാനും നിർജലീകരണം തടയാനും സഹായിക്കും.

ആന്റി-ഓക്‌സിഡന്റുകൾ

തലച്ചോറിലെ കോശങ്ങളുടെ സംരക്ഷണത്തിനായി വിറ്റാമിൻ E, C എന്നിവ അടങ്ങിയ നെല്ലിക്ക, നട്ട്‌സ്, ഇലക്കറികൾ എന്നിവ ശീലമാക്കാം.

അസ്ഥി ആരോഗ്യം

വീഴ്ചകൾ ഒഴിവാക്കാനും അസ്ഥികളുടെ ബലം നിലനിർത്താനും കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ പാൽ, മുട്ട, കൂവരക് / മുത്താറി എന്നിവ ഗുണകരമാണ്.

മരുന്നും ഭക്ഷണവും തമ്മിലുള്ള ക്രമീകരണം (Levodopa Care)

പാർക്കിൻസൺ രോഗത്തിന് നൽകുന്ന പ്രധാന മരുന്നായ ലെവോഡോപ്പ (Levodopa) പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കാൻ ഇടയാക്കും.
• ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ട് മുമ്പോ അല്ലെങ്കിൽ കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമോ മരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക.
• പ്രോട്ടീൻ അധികമുള്ള ഭക്ഷണങ്ങൾ (മത്സ്യം, മാംസം, മുട്ട) രാത്രികാലങ്ങളിൽ ഉൾപ്പെടുത്തുന്നതാണ് പകൽ സമയത്തെ മരുന്നിന്റെ പ്രവർത്തനത്തിന് നല്ലത്.
വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കുള്ള

പ്രത്യേക നിർദേശങ്ങൾ

ഭക്ഷണം വിഴുങ്ങാൻ പ്രയാസമുള്ളവർക്ക് താഴെ പറയുന്ന രീതികൾ പരീക്ഷിക്കാം.
• ഭക്ഷണം നന്നായി വേവിച്ച് ഉടച്ചോ അല്ലെങ്കിൽ ലായനി രൂപത്തിലോ നൽകുക.
• വരണ്ട ഭക്ഷണങ്ങൾ (Dry foods) ഒഴിവാക്കി പകരം ഗ്രേവി ഉള്ള വിഭവങ്ങൾ നൽകുക.
• ഒരേസമയം വലിയ അളവിൽ നൽകാതെ ചെറിയ ഇടവേളകളിൽ ലഘുഭക്ഷണം നൽകുക.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

• രോഗിക്ക് തനിയെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഭാരമുള്ള പിടിയുള്ള സ്പൂണുകളോ (Weighted utensils) പ്രത്യേകമായ പാത്രങ്ങളോ ഉപയോഗിക്കാം.
• ഭക്ഷണം കഴിക്കുമ്പോൾ നേരെ നിവർന്നിരിക്കുന്നത് ശ്വാസനാളിയിൽ ഭക്ഷണം കുടുങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കും.

ശരിയായ പോഷണം ഔഷധം പോലെ തന്നെ പ്രധാനമാണ്. ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിർദേശങ്ങൾക്കൊപ്പം കുടുംബാംഗങ്ങളുടെ സ്‌നേഹപൂർണമായ പരിചരണവും കൂടി ചേരുമ്പോൾ പാർക്കിൻസൺ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും.

Content Highlights:
Proper nutrition plays a vital role in managing Parkinson’s disease and improving the patient’s quality of life. Key dietary adjustments include increasing fiber intake to prevent constipation, staying hydrated, and timing protein consumption to avoid interference with Levodopa medication. For patients with swallowing difficulties, serving well-cooked, mashed, or gravy-based foods and maintaining an upright posture while eating are essential safety measures.

 

 

Latest