Connect with us

From the print

പാണക്കാട് ബന്ധം പൊളിക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കും; എതിര്‍ചേരിയെ കടന്നാക്രമിച്ച് മഹല്ല് ഫെഡറേഷന്‍ സമ്മേളനം

അമ്പലക്കടവിന്റെ നേതൃത്വത്തില്‍ ആദര്‍ശ സമ്മേളനം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും മറുവിഭാഗത്തിനെതിരെ വിമര്‍ശം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരിച്ചാക്രമണം.

Published

|

Last Updated

കോഴിക്കോട് | അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ കടന്നാക്രമിച്ച് സുന്നി മഹല്ല് ഫെഡറേഷന്റെ സമ്മേളനം. ലീഗിന്റെ പിന്തുണയുള്ള ബഹാഉദ്ദീന്‍ നദ്വി പക്ഷത്തെ നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഹല്ല് സാരഥീ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനം ഇന്നലെ കോഴിക്കോട്ട് നടന്നത്. മുസ്‌ലിം ലീഗും ഇ കെ വിഭാഗവും ചേര്‍ന്നുനിന്ന സമയത്താണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായിട്ടുള്ളതെന്ന് പ്രഖ്യാപിച്ച നാസര്‍ ഫൈസി, പാണക്കാട് കുടുംബവുമായുള്ള ബന്ധം പൊളിക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി എതിര്‍ക്കുമെന്ന് സമ്മേളനത്തില്‍ തുറന്നടിച്ചു.

മറുവിഭാഗം കമ്മ്യൂണിസത്തെ സഹായിക്കുന്നുവെന്ന പരോക്ഷമായ സൂചനയും അദ്ദേഹം നല്‍കി. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടകരമാണെന്നും ഭൗതിക പ്രസ്ഥാനങ്ങളോട് ‘കോംപ്രമൈസ് ‘ആകുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസം മതനിരാസം വളര്‍ത്തുന്നു. കമ്മ്യൂണിസത്തോട് ചേര്‍ന്നു നില്‍ക്കുന്നത് അപകടം ചെയ്യും. മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസമെന്നും നാസര്‍ ഫൈസി വ്യക്തമാക്കി.

പ്രതിസന്ധികളില്‍ ഇ കെ വിഭാഗത്തിന്റെ കൂടെ നിന്നവരാണ് പാണക്കാട് കുടുംബമെന്ന ഓര്‍മപ്പെടുത്തലോടെയായിരുന്നു അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രസംഗം. എന്നാല്‍, കൊമ്പുകോര്‍ക്കുന്ന ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്ന രീതിയിലായിരുന്നു ഇ കെ വിഭാഗം ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രസംഗം.

ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പഠിപ്പിച്ച ലൈനില്‍ തന്നെ മുന്നോട്ടുപോകുമെന്നും അതിനപ്പുറത്തേക്ക് ആര്‍ക്കും ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അകല്‍ച്ചകള്‍ സൃഷ്ടിക്കാതെ സൗഹൃദവും ഗുണകാംക്ഷയുമുള്ള പ്രവര്‍ത്തനങ്ങളും ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും മാര്‍ഗവും മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങണമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ വ്യക്തമാക്കി.

അമ്പലക്കടവിന്റെ നേതൃത്വത്തില്‍ ആദര്‍ശ സമ്മേളനം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും മറുവിഭാഗത്തിനെതിരെ വിമര്‍ശം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് മഹല്ല് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരിച്ചാക്രമണം.

അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവിന് പുറമെ, ഇ കെ വിഭാഗം നേതാക്കളായ സത്താര്‍ പന്തല്ലൂര്‍, അബ്ദുസ്സലാം ബാഖവി, ശുഹൈബുല്‍ ഹൈത്തമി,സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവരാണ് ശക്തമായ പ്രതിരോധം തീര്‍ത്ത് എതിര്‍പക്ഷത്തുള്ളത്. സുന്നീ ആദര്‍ശം പറയാന്‍ പാടില്ലെന്ന് മറുവിഭാഗം പറയുന്നുവെന്ന് വിശദീകരിച്ചുകൊണ്ടാണ് വിവിധ സ്ഥലങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍ നടക്കുന്നത്. ആദര്‍ശ സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മുശാവറക്ക് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. സംഘശക്തിയുടെ കൂടെ നിന്നാല്‍ എല്ലാവര്‍ക്കും നല്ലതാണ്. അല്ലാത്തവര്‍ക്ക് നിരാശരാകേണ്ടി വരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ എസ് കെ എസ് എസ് എഫ് നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ സത്താര്‍ പന്തല്ലൂര്‍ പ്രസംഗം അവസാനിപ്പിച്ചത്.

അതിനിടെ, സമദ് പൂക്കോട്ടൂരിന്റെ ഇന്നലത്തെ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെ എസ് കെ എസ് എസ് എഫ് രംഗത്തെത്തി.

സംസ്ഥാന പ്രസിഡന്റിനെ മറികടന്നാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന ചിലരുടെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുന്നതിനെ പിന്തുണക്കില്ല. സംഘടനക്ക് മുശാവറ തീരുമാനങ്ങളാണ് അന്തിമം. സംഘടനയുടെ അനുമതിയോടെ തന്നെയാണ് കീഴ്ഘടകങ്ങള്‍ വിവിധ പരിപാടികള്‍ നടത്തി വരുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അത്തരം പ്രഭാഷണങ്ങളില്‍ തെറ്റിദ്ധരിക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് പാണക്കാട് ഹമീദലി തങ്ങളെ മറികടന്നുകൊണ്ടാണ് എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് എസ് എം എഫ് സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചിരുന്നു.

നേരത്തേ മലപ്പുറം സുന്നി മഹലില്‍ ബഹാഉദ്ദീന്‍ പക്ഷം ഹൈജാക്ക് ചെയ്ത എസ് കെ എസ് എസ് എഫ് തലമുറ സംഗമം സ്വാഗത സംഘം രൂപവത്കരണ യോഗം ബഹളത്തെത്തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഹമീദലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണം ഹമീദ് ഫൈസിയുടെ നേതൃത്വത്തിലുള്ളവരാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതിനിടെ ഇ കെ വിഭാഗം നേതൃസംഗമം ഇന്ന് കോഴിക്കോട്ട് നടക്കുന്നുണ്ട്.