International
പാകിസ്താനിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; 8 മരണം, 35 പേർക്ക് പരുക്ക്
രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
പെഷവാര്‍| പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു.
ലക്കി മര്‍വാത്ത് ജില്ലയിലെ തിരക്കേറിയ നൗറംഗ് ബസാര്‍ ഏരിയയിലുള്ള ഫട്ടക് ചൗക്കിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ സുരക്ഷാ വാഹനത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ വാഹനത്തിലാണ് ചാവേര്‍ എത്തിയത്. ജനങ്ങള്‍ തിങ്ങിനിറഞ്ഞ ചൗക്കില്‍ വെച്ച് ചാവേര്‍ ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
പരുക്കേറ്റ 35 പേരെ സരായ് നൗറംഗിലെ തഹസീല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ബന്നു, പെഷവാര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി മുഹമ്മദ് സുഹൈല്‍ അഫ്രീദി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് തേടി. അനുശോചനം അറിയിച്ച അദ്ദേഹം കുടുംബങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ പിന്തുണയും ഉറപ്പുനല്‍കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു, സര്‍ക്കാര്‍ അവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights:
A suicide bomber targeting a security vehicle killed eight people and injured 35 others in Pakistan’s Lucky Marwat district. The attacker rammed an explosives-laden auto-rickshaw into the vehicle at the crowded Naurang Bazar area. Chief Minister Muhammad Suhail Afridi has sought a detailed report on the incident while promising full support to the victims’ families.







