Connect with us

National

ജീവനെടുത്ത് വീണ്ടും പബ്ജി; കളിയില്‍ തോറ്റതിന് പരിഹാസം; 15 വയസ്സുകാരന്‍ ജീവനൊടുക്കി

ലഖ്നൗവില്‍ പബ്ജിയുമായി ബന്ധപ്പെട്ട മറ്റൊരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്.

Published

|

Last Updated

അമരാവതി | പബ്ജി ഗെയിമില്‍ തോറ്റതിന് ബന്ധുക്കള്‍ പരിഹസിച്ചതില്‍ മനം നൊന്ത് 15കാരന്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം നഗരത്തിലാണ് സംഭവം.

ശനിയാഴ്ച രാത്രിയാണ് സംഭവം. പബ്ജി ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ ശനിയാഴ്ച രാത്രി ബന്ധുക്കള്‍ക്കൊപ്പം പബ്ജി കളിക്കുകയായിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ കൗമാരക്കാരനെ കളിയാക്കി. തുടര്‍ന്ന് പബ്ജി കളിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. ഇതിന്റെ മനപ്രയാസത്തില്‍ ഉറങ്ങാന്‍ കിടന്ന കൗമാരക്കാരന്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ പിതാവ് വാതിലില്‍ തട്ടിവിളിച്ചെങ്കിലും വിളികേട്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലഖ്നൗവില്‍ പബ്ജിയുമായി ബന്ധപ്പെട്ട മറ്റൊരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. പബ്ജി കളിക്കാന്‍ വിസമ്മതിച്ചതിന് 16 വയസ്സുകാരന്‍ അമ്മയെ വെടിവച്ചു കൊന്നതാണ് സംഭവം.

സുരക്ഷാ കാരണങ്ങളാല്‍ പബ്ജിക്ക് 2020 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനൗദ്യോഗിക സൈറ്റുകളില്‍ നിന്ന് പബ്ജിയുടെ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് പ്രശ്‌നം.

Latest