o r kelu
പുതിയ മന്ത്രിയായി വയനാട്ടില്‍ നിന്നുള്ള ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 500 പേരാണ് പങ്കെടുക്കുന്നത്

തിരുവനന്തപുരം | സംസ്ഥാനത്തെ പുതിയ മന്ത്രിയായി വയനാട്ടില്‍ നിന്നുള്ള ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുക. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 500 പേരാണ് പങ്കെടുക്കുന്നത്. വയനാട്ടില്‍ നിന്നുള്ള സി പി എമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ ആര്‍ കേളു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. യു ഡി എഫ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസ്സിലെ പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എം ബി രാജേഷിനുമാണ് നല്‍കിയത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്ന് 200 ഓളം പേര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വന്യമൃഗ ശല്യമാണെന്നു നിയുക്ത മന്ത്രി ഒ ആര്‍ കേളു പ്രതികരിച്ചു. ഇന്നും വയനാട്ടില്‍ മൂന്നു പശുക്കളെ പുലി പിടിച്ച വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്.