Connect with us

National

ഓപ്പറേഷൻ ഗംഗ: ഉക്രെെനിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാം വിമാനവും എത്തി; ഇതുവരെ തിരിച്ചെത്തിയത് 459 പേർ

ആദ്യവിമാനം ശനിയാഴ്ച രാത്രി എട്ട് മണിയോടെ മുംബെെയിൽ എത്തിയിരുന്നു. അതിൽ 27 മലയാളികൾ അടക്കം 219  പേരാണ് ഉണ്ടായിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനവും സുരക്ഷിതമായി ഡൽഹിയിലെത്തി.  ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി എയർ ഇന്ത്യ വിമാനം എത്തിയത്. ഇതില്‍ 29 പേർ മലയാളികളാണ്.

ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികളിൽ 16 പേർ ഉച്ചക്ക് ശേഷം കൊച്ചിയിൽ എത്തും. മുംബെെയിൽ നിന്ന് 11 പേർ കൊച്ചിയിലും നാലു പേർ കോഴിക്കോട്ടും എത്തും.

ആദ്യവിമാനം ശനിയാഴ്ച രാത്രി എട്ട് മണിയോടെ മുംബെെയിൽ എത്തിയിരുന്നു. അതിൽ 27 മലയാളികൾ അടക്കം 219  പേരാണ് ഉണ്ടായിരുന്നത്. ഇതോടെ യുദ്ധം തുടങ്ങിയതിന് ശേഷം 46 മലയാളികൾ ഉൾപ്പെടെ 459 ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനായി.

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്. ആദ്യവിമാനത്തിൽ എത്തിയവരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലും സ്വീകരിച്ചു.

ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ട രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് ഡല്‍ഹിയിലെത്തും. ഹംഗേറിയന്‍ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.

Latest