Connect with us

International

എണ്ണച്ചോര്‍ച്ച; റാസ് അല്‍ ഖൈമയിലെ എല്ലാ ബീച്ചുകളും ഷാര്‍ജ അല്‍ ഹംരിയ ബീച്ചും അടച്ചു

നിയന്ത്രണം പൊതുസുരക്ഷ മുന്‍നിര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ക്കും സന്ദര്‍ശകര്‍ക്കും ജാഗ്രതാ നിര്‍ദേശം.

Published

|

Last Updated

ഷാര്‍ജ | ഉമ്മുല്‍ ഖുവൈന്‍ തീരത്തുണ്ടായ എണ്ണച്ചോര്‍ച്ചയെ തുടര്‍ന്ന് യു ഇ എയില്‍ കൂടുതല്‍ കടല്‍ത്തീരങ്ങള്‍ താത്കാലികമായി അടച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റാസ് അല്‍ ഖൈമയിലെ മുഴുവന്‍ പൊതു കടല്‍ത്തീരങ്ങളും ഷാര്‍ജയിലെ അല്‍ ഹംരിയ കടല്‍ത്തീരവും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിരിക്കുകയാണ്.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര മലിനീകരണം തടയുന്നതിനുമായി റാസ് അല്‍ ഖൈമ പബ്ലിക് സര്‍വീസസ് ഡിപാര്‍ട്ട്മെന്റും പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സും സംയുക്തമായാണ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം കടല്‍ത്തീരങ്ങള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച പുതിയ അറിയിപ്പ് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉമ്മുല്‍ ഖുവൈന്‍ തീരത്തുണ്ടായ എണ്ണച്ചോര്‍ച്ചയാണ് വിവിധ എമിറേറ്റുകളില്‍ അനുഭവപ്പെട്ട ദുര്‍ഗന്ധത്തിന് കാരണമെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും മത്സ്യത്തൊഴിലാളികളും കടല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉള്‍പ്പെടെയുള്ള പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഉമ്മുല്‍ ഖുവൈനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
എണ്ണമലിനീകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉമ്മുല്‍ഖുവൈനിലെ കടല്‍ത്തീരങ്ങളില്‍ ശുചീകരണവും നിരീക്ഷണവും തുടരുകയാണെന്ന് പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ബാധിത പ്രദേശങ്ങളിലെ കടല്‍ത്തീരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മലിനീകരണവുമായി ബന്ധപ്പെട്ട അസാധാരണ ഗന്ധം ആരോഗ്യത്തിന് ഭീഷണിയല്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Content Highlights: Authorities have closed all beaches in Ras Al Khaimah and Al Hamriyah Beach in Sharjah due to an oil spill. Environmental and municipal teams are working to clean affected coastal areas and contain the pollution. Authorities advised residents and tourists to avoid visiting these beaches until further notice.

 

---- facebook comment plugin here -----

Latest