Connect with us

odisha minister

പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു

ഭുവനേശ്വറിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Published

|

Last Updated

ഭുവനേശ്വര്‍ | പോലീസുകാരൻ്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഐ സി യുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ രക്തമൊഴുക്ക് മെച്ചപ്പെടുത്താനുള്ള ശ്രമം വിദഗ്ധ ഡോക്ടർമാർ നടത്തിയിരുന്നു.

ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളേറ്റ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വ്യോമമാർഗം എത്തിച്ചു. ഝാർസുഗുഡ ജില്ലയിൽ ബ്രജരാജ്നഗറിലെ ഗാന്ധിചൗക്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാറിൽ നിന്ന് ഇറങ്ങിയ മന്ത്രിക്ക് നേരെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗോപാൽ ദാസ് വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ ഇയാൾ മന്ത്രിക്ക് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ പറയുന്നു. രക്തം പുരണ്ട ദാസിനെ കാറിലേക്ക് കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പരാതി പരിഹാര ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രി എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ജനക്കൂട്ടം തടിച്ചുകൂടി. പെട്ടെന്നാണ് വെടിവെപ്പുണ്ടായത്. മന്ത്രിക്ക് നേരെ നിറയൊഴിച്ച ശേഷം ഈ പോലീസ് ഉദ്യോഗസ്ഥൻ ഓടിപ്പോയെങ്കിലും അൽപ്പ സമയത്തിനകം ജനങ്ങൾ തടഞ്ഞുവെക്കുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൃത്യത്തിൻ്റെ കാരണം വ്യക്തമല്ല.

Latest