Connect with us

articles

ശത്രുസൈന്യമല്ല; അന്നം തരുന്ന കര്‍ഷകരാണ്

എന്തിനാണ് മാരകമായ ആയുധ സാമഗ്രികളും യുദ്ധസന്നാഹങ്ങളുമൊരുക്കി കര്‍ഷക ജനതയെ വേട്ടയാടുന്നത്? അവരെന്തനീതിയാണ് ഈ രാജ്യത്തോട് ചെയ്തത്? തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അതിനു വേണ്ടിയുള്ള അധ്വാനത്തിനും ന്യായവില ലഭിക്കണമെന്ന് പറയുന്നത് അനീതിയാണോ? രാജ്യവിരുദ്ധ പ്രവര്‍ത്തനമാണോ? ഓരോ ഇന്ത്യക്കാരനും മോദി സര്‍ക്കാറിനോട് ചോദിക്കേണ്ട ചോദ്യമാണിത്.

Published

|

Last Updated

മോദി സര്‍ക്കാറിന്റെ സൈനിക സന്നാഹങ്ങളെയും അടിച്ചമര്‍ത്തല്‍ നയങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് പ്രക്ഷുബ്ധമായ സമര മുന്നേറ്റമായിരിക്കുന്നു. വെടിയുണ്ടകള്‍ക്കും കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്കും റോഡിലുറപ്പിച്ച ഇരുമ്പാണികള്‍ക്കും ജലപീരങ്കികള്‍ക്കും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഷെല്‍ പ്രയോഗങ്ങള്‍ക്കും കീഴടക്കാനാകാത്ത ആത്മബോധത്തോടെയാണ് കര്‍ഷക ജനത സമരമുഖത്ത് ഉറച്ചുനില്‍ക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഡല്‍ഹി ചലോ മാര്‍ച്ചിനു നേരേ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ ഖനൗരിയില്‍ പോലീസ് വെടിയുതിര്‍ത്തത്. ആ വെടിവെപ്പിലാണ് ശുഭ്കരണ്‍സിംഗ് എന്ന 21കാരന്‍ കൊല്ലപ്പെടുന്നത്. വെടിയേറ്റ മറ്റ് രണ്ട് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ശത്രുസൈന്യത്തെ നേരിടുന്നതുപോലെ രാജ്യത്തിന് അന്നം തരുന്ന കര്‍ഷകരെ വെടിവെച്ചുകൊല്ലുകയാണ് അവര്‍.

അതിനെതിരെ കര്‍ഷക രോഷം ആര്‍ത്തലക്കുകയാണ്. ശുഭ്കരണ്‍ സിംഗിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ഹരിയാന പോലീസിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കാതെ സംസ്‌കാരം നടത്തില്ലെന്നാണ് കര്‍ഷകര്‍ പഞ്ചാബ് സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. പാട്യാല രജീന്ദര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നാണ് ക്ഷുഭിതരായ കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്. കര്‍ഷക സമര നേതാക്കള്‍ ശുഭ്കരണ്‍ സിംഗിന് സര്‍ക്കാര്‍ രക്തസാക്ഷി പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഇതിനിടെ സമരം കൂടുതല്‍ വ്യാപകവും ശക്തവുമാകുമെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. എല്ലാ ദിക്കുകളില്‍ നിന്നും ഡല്‍ഹി വളയുമെന്ന് ബി കെ യു നേതാവ് രാകേഷ് ടികായത്ത് പ്രസ്താവിച്ചിരിക്കുന്നു.

കൊളോണിയല്‍ കാലത്തെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഖനൗരിയിലെ സംഭവങ്ങളെന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. ശത്രുരാജ്യത്തെ സൈന്യത്തെ നേരിടുന്നതുപോലെയാണ് മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. യുദ്ധ സന്നാഹമാണ് ഡല്‍ഹി-പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍. ഒക്ടോകോപ്റ്ററുകള്‍, സെല്‍ഫ്‌ലോഡിംഗ് റൈഫിളുകള്‍, ശബ്ദപീരങ്കികള്‍ തുടങ്ങി യുദ്ധസാമഗ്രികള്‍ ശേഖരിച്ചും വിന്യസിച്ചും ശത്രുരാജ്യത്തെ നേരിടുന്നതു പോലെ കര്‍ഷക ജനതയെ വെല്ലുവിളിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ഏഴെട്ട് ദിവസക്കാലമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളെന്തെല്ലാമാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ടിയര്‍ഗ്യാസ് ഷെല്ലുകള്‍ കര്‍ഷകര്‍ക്കു നേരേ വര്‍ഷിക്കുന്നു.

റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് കര്‍ഷക സമരക്കാര്‍ക്കു നേരേ വെടിയുതിര്‍ക്കുന്നു. പെല്ലറ്റ് തോക്കുകളും കാലഹരണപ്പെട്ട കണ്ണീര്‍വാതക ഷെല്ലുകളും കര്‍ഷക പ്രക്ഷോഭകാരികള്‍ക്കു നേരേ തുരുതുരാ ഉപയോഗിക്കുന്നു.
ശുഭ്കരണ്‍ സിംഗ് വെടിയേറ്റു വീണ ഖനൗരി അതിര്‍ത്തിയിലും ശംഭു അതിര്‍ത്തിയിലും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കര്‍ഷകര്‍ക്കു നേരേ സെക്യൂരിറ്റി ഫോഴ്‌സ് വെടിയുതിര്‍ത്തത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുന്നതു പോലുള്ള യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ നേരിട്ട് കര്‍ഷകര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സമരക്കാരുടെ കാലുകളിലേക്ക് വെടിയുതിര്‍ക്കുന്നതിനു പകരം അവരുടെ നെഞ്ചിലേക്കും വയറിലേക്കും നേരിട്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പല മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തത്. ഡല്‍ഹി പോലീസും ഹരിയാന പോലീസും ബി എസ് എഫും സി ആര്‍ പി എഫും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന സൈന്യത്തെയാണ് ശംഭു-ഖനൗരി അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത്.

ഇവര്‍ക്കു പിറകില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും വിന്യാസം നടത്തിയിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് തെളിവായി കര്‍ഷകര്‍ പറയുന്നത് സ്വയം ലോഡ് ചെയ്യപ്പെടുന്ന എസ് എല്‍ ആര്‍ റൈഫിളുകള്‍ ഉപയോഗിച്ചാണ് കര്‍ഷകര്‍ക്കു നേരേ വെടിയുതിര്‍ക്കുന്നതെന്നാണ്. എസ് എല്‍ ആര്‍ റൈഫിളുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ സൈന്യം മാത്രമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കണ്ണീര്‍വാതക ഷെല്ലിംഗിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇസ്റാഈലില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒക്ടോകോപ്റ്ററുകളാണ്. ഇതേ ഒക്ടോകോപ്റ്ററുകളാണ് ഗസ്സയിലെ ആശുപത്രികളില്‍ സ്‌നൈപ്പര്‍ കൊലപാതകങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഗസ്സയില്‍ ഫലസ്തീനികളെ കൊന്നുകൂട്ടുന്ന നെതന്യാഹുവിന്റെ ഇന്ത്യന്‍ പ്രതിപുരുഷന്മാരാണ് ശംഭുവിലെയും ഖനൗരിയിലെയും അതിര്‍ത്തികളില്‍ കര്‍ഷകരെ കൊന്നുകൂട്ടുന്നതെന്ന് തിരിച്ചറിയണം.

ഉയര്‍ന്ന ഫ്രീക്വന്‍സി ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ലോംഗ്‌റേഞ്ച് അക്രോസ്റ്റിംഗ് ഡിവൈസുകളുമായാണ് (ശബ്ദപീരങ്കികള്‍) ഹരിയാന പോലീസ് കര്‍ഷകരെ നേരിടുന്നതെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്തിനാണ് മാരകമായ ആയുധ സാമഗ്രികളും യുദ്ധസന്നാഹങ്ങളുമൊരുക്കി കര്‍ഷക ജനതയെ വേട്ടയാടുന്നത്? അവരെന്തനീതിയാണ് ഈ രാജ്യത്തോട് ചെയ്തത്? തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അതിനു വേണ്ടിയുള്ള അധ്വാനത്തിനും ന്യായവില ലഭിക്കണമെന്ന് പറയുന്നത് അനീതിയാണോ? രാജ്യവിരുദ്ധ പ്രവര്‍ത്തനമാണോ? ഓരോ ഇന്ത്യക്കാരനും മോദി സര്‍ക്കാറിനോട് ചോദിക്കേണ്ട ചോദ്യമാണിത്.

ശത്രുരാജ്യത്തെ സൈന്യത്തെ നേരിടുന്നതു പോലെ കര്‍ഷകരുടെ താങ്ങുവിലക്കു വേണ്ടിയുള്ള സമരത്തെ നേരിടുന്ന മോദിയുടെ ഉറപ്പുകളുടെ പൊള്ളത്തരമാണ് കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്നതിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ പ്രകടനപത്രികയില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് അവര്‍ നല്‍കിയ ഉറപ്പാണ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്ന താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കുമെന്നുള്ളത്. ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന മിനിമം താങ്ങുവില നിശ്ചയിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കുമെന്ന് നരേന്ദ്ര മോദി ബി ജെ പിയുടെ പ്രകടനപത്രികയിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയ ഗ്യാരന്റിയാണ്.

13 മാസക്കാലം നീണ്ട ഒന്നാം കര്‍ഷക സമരം അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ മോദി രാജ്യത്തിന് നല്‍കിയ ഉറപ്പാണ് മിനിമം താങ്ങുവില നല്‍കി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കുമെന്നും അതിന് നിയമപരമായ പിന്‍ബലമുണ്ടാക്കുമെന്നും. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും മോദി ഉറപ്പ് പാലിച്ചില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടി പൊതുസമ്പത്ത് ഒഴുക്കിക്കൊടുക്കുന്ന മോദി, കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയാല്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇലക്ടറല്‍ ബോണ്ട് എന്ന രഹസ്യ പണമിടപാട് സംവിധാനത്തിലൂടെ കോര്‍പറേറ്റുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ സ്വീകരിച്ച മോദിയും ബി ജെ പിയും ഇലക്ടറല്‍ ബോണ്ട് നിര്‍ത്തല്‍ ചെയ്ത സുപ്രീം കോടതി വിധിയെ പോലും പരിഹസിക്കുകയാണ്. ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഇലക്ടറല്‍ബോണ്ട് ഭരണഘടനാവിരുദ്ധമാക്കി റദ്ദ് ചെയ്തതിനെ പരിഹസിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞത്; കൃഷ്ണന് കുചേലന്‍ അവില്‍ കൊടുത്തതിനെയും സുപ്രീം കോടതി അഴിമതി എന്ന് വിളിക്കുമെന്നാണ്. മോദിയുടെ കുചേലന്മാര്‍ അംബാനി-അദാനിമാരാണ്. തന്റെ കൃപയാല്‍ രാഷ്ട്ര സമ്പത്താകെ കൈയടക്കുന്ന കോര്‍പറേറ്റുകളെ കൃഷ്ണ കൃപയാല്‍ സമ്പന്ന സൗഭാഗ്യങ്ങളിലേക്കുയര്‍ന്ന കുചേലരാക്കുന്ന മോദി വിദ്യകള്‍ ഒരു സത്യാനന്തരകാല ഭരണ ലീലയാകാം.

യഥാര്‍ഥ കുചേലര്‍ കര്‍ഷകരാണെന്ന് തിരിച്ചറിയാതെ പോകുന്നു. അവരുടെ ന്യായമായ ആവശ്യമാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില കിട്ടുകയെന്നത്. അത് അംഗീകരിക്കാതെ ഭഗവാന്‍ കൃഷ്ണനെയും സതീര്‍ഥ്യനായ കുചേലനെയുമൊക്കെ ഉദ്ധരിച്ച് കര്‍ഷക ജനതയുടെ ജീവനെടുക്കുകയാണ് മോദി സര്‍ക്കാര്‍. മോദി സര്‍ക്കാറിനോട് ഓരോ ഇന്ത്യന്‍ പൗരനും പറയേണ്ടത്, ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തുവരുന്ന കര്‍ഷകര്‍ ശത്രുസൈന്യമല്ല ഈ നാടിന് അന്നം തരുന്ന കര്‍ഷകരാണ് എന്നാണ്.

 

Latest