Connect with us

joshimath sinking

ഒരു പ്രദേശമല്ല, പ്രതിഭാസമാണ്

ജനങ്ങളുടെയും ഭൂമിയുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വികസനം നടപ്പാക്കുന്നവർക്കുള്ള വലിയ പാഠം കൂടിയാണ് ജോഷിമഠിലേത്. അടുത്ത ജോഷിമഠ് ആണോ വയനാട് എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. അവിടേക്കും തുരങ്കപാത നിർമിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ജോഷിമഠ് സദുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയരത്തിൽ ആയിരുന്നെങ്കിൽ 2,000 മീറ്റർ വരെ ഉയർന്ന പ്രദേശമുണ്ട് വയനാട്ടിൽ എന്നതും നമുക്ക് ഓർക്കാവുന്നതാണ്.

Published

|

Last Updated

മുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. ഋഷികേശ്- ബദ്്രിനാഥ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ഏഴ് കടന്നുപോകുന്ന ഭാഗമായ ജോഷിമഠിലെ 20,000ത്തിൽ പരം വരുന്ന ജനത കൈയിലെടുക്കാൻ കഴിയുന്നതെല്ലാം കെട്ടിയെടുത്ത് കണ്ണീരോടെ തങ്ങളുടെ നാട് വിട്ടിറങ്ങുകയാണ്. ഭീതിപ്പെടുത്തുന്ന തരത്തിൽ വീടുകളിലും റോഡുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ജനങ്ങൾ നാടുവിടാൻ തുടങ്ങിയത്. പ്രശ്‌നം മാധ്യമങ്ങളിൽ നിറഞ്ഞതും നാടുമുഴുക്കെ ഭീതി പരന്നതും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിലാണ്. എന്നാൽ, പതിറ്റാണ്ടുകളായി തുടരുന്ന പ്രതിഭാസത്തിന്റെ അനന്തര ഫലമാണ് ഈ വിള്ളലുകൾ. ഹിമാലയൻ മലനിരകളിൽ പലയിടത്തും ഇത്തരത്തിലുള്ള വിള്ളലുകൾ കാണപ്പെട്ടു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

1976ൽ കേന്ദ്ര സർക്കാർ നിയോഗിച്ച മിശ്ര കമ്മിറ്റി റിപോർട്ടിൽ പരാമർശിക്കപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ വീണ്ടും ചർച്ചയിൽ ഇടം പിടിച്ചിരിക്കുകയാണ്. നേരത്തേ ഉരുൾപൊട്ടൽ നടന്ന പ്രദേശമാണ് ഇതെന്നും മുങ്ങിക്കൊണ്ടിരിക്കുന്ന ഇടമാണെന്നുമാണ് മിശ്ര കമ്മീഷൻ റിപോർട്ട് വ്യക്തമാക്കിയിരുന്നത്. പ്രദേശം ജനവാസത്തിന് ഉചിതമല്ലെന്നും റിപോർട്ടിലുണ്ടായിരുന്നു.
എന്നാൽ, നിയന്ത്രണങ്ങളൊന്നുമില്ലാത്ത നിർമാണ- വികസന പ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്. ഭൂമിയിലെ വിള്ളലുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രധാനമായും അഞ്ച് നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. തപോവൻ വിഷ്ണുഗഢ് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്, ഹെലംഗ്- മാർവാരി ബൈപാസ് പ്രൊജക്റ്റ്, ബദ്‌രിനാഥ് ഹൈവേ പ്രൊജക്റ്റ്, ചർദാമിലെ റെയിൽവേ തുരങ്ക പദ്ധതി, ഋഷിഗംഗാ ജലവൈദ്യുത പദ്ധതി എന്നിവയാണ് ജോഷിമഠിന് ചുറ്റിലുമായി നടന്നുകൊണ്ടിരിക്കുന്നത്. മലയും കുന്നും തുരക്കുന്ന തുരങ്ക പാതയും നൂറുക്കണക്കിന് പാലങ്ങളും വലിയ അണക്കെട്ടുകളും ഉൾപ്പെടെയുള്ള നിർമാണങ്ങൾ ഈ കുന്നിൻ മുകളിൽ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടത്തെ ഭൂമിക്കടിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും അവ ഭൂമിക്ക് മുകളിൽ പ്രകടമാകുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് ഹേതുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എം സി മിശ്ര റിപോർട്ടിനെ കൂടാതെ രാജ്യത്തെ വിവിധ എൻ ഐ ടികളിലെയും ഐ എസ് ആർ ഓയിലെയും മറ്റും ഗവേഷകർ ജോഷിമഠിലെത്തുകയും ഇവിടത്തെ പ്രതിഭാസത്തെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ, ഈ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും കണ്ടെത്തലുകൾക്ക് അനുസരിച്ചുള്ള തിരുത്തലുകൾ എത്രത്തോളം നടപ്പാക്കപ്പെടാറുണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം. മിക്ക പഠന റിപോർട്ടുകളും അധികാരികൾക്ക് അനിഷ്ടകരമായതിനാൽ വെളിച്ചം കാണാതെ പോകുകയാണ് പതിവ്. ജോഷിമഠിലെ തന്നെ ഐ എസ് ആർ ഒ റിപോർട്ട് വെബ്‌സൈറ്റുകളിൽ നിന്ന് മുക്കിയത് ഒടുവിലത്തെ വാർത്തയാണ്. ഏതായാലും പഠനങ്ങൾ ഒരു ഭാഗത്ത് നടക്കട്ടെ. ജോഷിമഠ് പ്രദേശത്തെ മുഖ്യവരുമാനം ടൂറിസമാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ആയിരങ്ങളെത്തുന്ന ബദ്്രിനാഥിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് ജോഷിമഠ്. ഹിന്ദു മത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ് ബദ്്രിനാഥ്. മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഇവിടെക്ക് യാത്രകൾ നടത്താറുണ്ട്. ഇവിടെയെത്തുന്നവർക്ക് ഭക്ഷണ- താമസ- വിശ്രമ സൗകര്യമൊരുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇവരുടെ പ്രധാന ആശ്രയം. എന്നാൽ, പുറമെ നിന്നുള്ള ആളുകൾ പ്രദേശത്ത് ബഹുനില കെട്ടിടങ്ങൾ നിർമിക്കാൻ തുടങ്ങിയത് പ്രദേശത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്കായി നടക്കുന്ന സ്‌ഫോടനങ്ങളും ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരവും മൂലം അനുഭവപ്പെടുന്ന പ്രകമ്പനങ്ങളും ഇവിടത്തെ ഭൂമിയെ നശിപ്പിച്ചു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചെങ്കുത്തായ കുന്നിന് മുകളിലാണ് ബഹുനില കെട്ടിടങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്.

മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പുറമെ ഭൂമിശാസ്ത്രപരമായും പ്രശ്‌നങ്ങൾ ഉള്ള ഇടമാണ് ജോഷിമഠ്. 2021ൽ പ്രദേശത്ത് മിന്നൽ പ്രളയം ഉണ്ടായിരുന്നു. ഇതോടെയാണ് വിള്ളലുകൾ വികസിച്ചതും ഭീതി ഉടലെടുത്തതും. മലനിരകളുടെ അടിയിലൂടെ ഒഴുകുന്ന അളകനന്ദ, ധൗളിഗംഗ തുടങ്ങിയ നദികളിൽ വെള്ളമൊഴുക്ക് കൂടുന്നത് ഇവിടെ മണ്ണിടിച്ചിലിനും കാരണമാകുന്നു. ഇതിലെല്ലാം അപ്പുറം പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രരമായ അവസ്ഥകൾ പരിഗണിക്കാതെ നടന്ന ഓവുചാൽ നിർമാണമാണ് പ്രധാന വില്ലനെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. യാതൊരു തരത്തിലുമുള്ള പ്ലാനിംഗുമില്ലാതെയാണ് പ്രദേശത്ത് ഡ്രെയിനേജ് നിർമാണം നടന്നതത്രേ. ടൂറിസം വികസിച്ചതോടെ ആൾപാർപ്പ് കൂടുകയും ഗാർഹിക മേഖലയിൽ നിന്നുള്ള മലിനജലത്തിന്റെ ഒഴുക്ക് വർധിച്ചതും പ്രതികൂലമായിരിക്കുകയാണ്. പൊതുവേ പരിസ്ഥിതി ലോല മേഖലയായ പർവത പ്രദേശത്തെ വെള്ളത്തിന്റെ വരവ് കൂടുതൽ ദുർബലമാക്കി എന്ന് പറയാം. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിലാണ് ഇവിടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ടൂറിസം വികസനമാണ് പ്രധാന ലക്ഷ്യം.

അതേസമയം, ജനങ്ങളുടെയും ഭൂമിയുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വികസനം നടപ്പാക്കുന്നവർക്കുള്ള വലിയ പാഠം കൂടിയാണ് ജോഷിമഠിലേത്. അടുത്ത ജോഷിമഠ് ആണോ നമ്മുടെ വയനാട് എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. അവിടേക്കും തുരങ്കപാത നിർമിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. അതോടൊപ്പം, പുൽപ്പള്ളിയെ ചുറ്റിക്കിടക്കുന്ന പലയിടങ്ങളും ഹിന്ദു വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാണ്. സീതയുടെയും രാമന്റെയും ഓർമകളുറങ്ങുന്ന പ്രദേശമായി കരുതപ്പെടുന്ന ഇടങ്ങൾ പുൽപള്ളിയിലുണ്ട്. ഇവിടത്തെ പല സ്ഥലപ്പേരുകളും ഇവയിലേക്ക് ദ്യോതിപ്പിക്കുന്നതുമാണ്. ഈ കേന്ദ്രങ്ങളെ കോർത്തിണക്കി തീർഥാടന ഇടനാഴി ഉണ്ടാക്കാനുള്ള ആലോചനകൾ കേന്ദ്ര നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതു തന്നെയല്ലേ ബദ്്രിനാഥിനെ ചുറ്റിപ്പറ്റി ഉത്തരാഖണ്ഡിൽ നടന്നത്. അതോടൊപ്പം, ചെറുതും വലുതുമായ ഉരുൾപൊട്ടലും ഭൂമി വിള്ളലും വയനാട്ടിൽ ഉണ്ടാകാറുണ്ട്. മാനന്തവാടിക്കടുത്തും പൊഴുതന കുറിച്യർമലയിലും വിള്ളലുകളും മണ്ണിടിച്ചിലുമെല്ലാം ഉണ്ടായത് കഴിഞ്ഞ പ്രളയകാലത്താണ്. വൈത്തിരിയില ബസ് സ്റ്റാൻഡ് കെട്ടിടം പാടെ ഭൂമിയലാണ്ടുപോയതും കൽപ്പറ്റ വെള്ളാരംകുന്നിലെ നിർമാണം പൂർത്തീകരണത്തിനോടടുത്ത ബഹുനില കെട്ടിടം ചെരിഞ്ഞതും വയനാട്ടിൽ തന്നെയാണ്. വയനാട്ടിലെ മണ്ണിന് തന്നെ പ്രത്യേക സ്വഭാവമുള്ളതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. അതിലാണ് വെള്ളം കെട്ടിനിർത്തുന്നതും നിരന്തര കമ്പനം ചെന്ന് പതിക്കുന്നതും അമിതഭാരം കെട്ടിപ്പൊക്കുന്നതും. വയനാടൻ മണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞതു കൊണ്ടുതന്നെയാണ് പാറ പൊട്ടിക്കലിന് വയനാട്ടിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതും. ജോഷിമഠ് സദുദ്ര നിരപ്പിൽ നിന്ന് 1,890 മീറ്റർ ഉയരത്തിൽ ആയിരുന്നെങ്കിൽ 2,000 മീറ്റർ വരെ ഉയർന്ന പ്രദേശമുണ്ട് വയനാട്ടിൽ എന്നതും നമുക്ക് ഓർക്കാവുന്നതാണ്.

ജോഷിമഠിലേതു പോലെ സ്ഥിരവാസികളെക്കാൾ ടൂറിസ്റ്റുകൾ ഉള്ള നാടാണ് വയനാട്. അതിഥികൾക്ക് താമസം ഒരുക്കാനായി ബഹുനില കെട്ടിടങ്ങൾ ഈ നാട്ടിൽ കൂണുകണക്കെ മുളച്ചുപൊന്തുന്നു. ഇവയിൽ മിക്കതും നിലകൊള്ളുന്നത് വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, തിരുനെല്ലി പഞ്ചായത്തുകളിലോ പരിസരത്തോ തന്നെ. ഇവിടെയൊക്കെയാണ് കഴിഞ്ഞ രണ്ട് പ്രളയകാലത്തും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതും. നേരത്തേ പറഞ്ഞ പോലെ കെട്ടിടങ്ങളിൽ പലതിന്റെയും ഉടമകൾ താഴ്‌നാട്ടുകാർ തന്നെ. തന്റെ സമ്പാദ്യം ഉപയോഗിച്ച് വയനാട്ടിൽ റിസോർട്ടോ സ്വിമ്മിംഗ് പൂളോ ഹോട്ടലോ പണി കഴിപ്പിച്ച് സുഖജീവിതം നയിക്കുകയാണ് പലരും. ഇതു തന്നെയല്ലെ ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും ധനാഢ്യർ ജോഷിമഠിൽ നടത്തിയത്. തദ്ദേശ സ്ഥാപനങ്ങൾ മുതലുള്ള അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരിൽ പലർക്കും ഇത്തരം നിർമാണങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നത് മറ്റൊരു വസ്തുത. ബദ്‌രിനാഥിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കാൻ തുരങ്കങ്ങൾ നിർമിക്കുകയായിരുന്നു സർക്കാർ. കൂടാതെ, വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനായി വലിയ ജലവൈദ്യുത പദ്ധതികളും നടപ്പാക്കി. താമസ സൗകര്യത്തിനായി ഭൂമിയുടെ കിടപ്പ് നോക്കാതെ നിർമാണാനുമതി നൽകി. എല്ലാം കൂടി ഭൂമിയുടെ സന്തുലിതാവസ്ഥയെ കീഴ്‌മേൽ മറിച്ചു. ക്രമേണ ജോഷിമഠിന്റെ തനതായ സ്വഭാവം കൈമോശം വന്നു. അതാണ് അവിടെ ഇന്ന് കാണുന്നത്. സ്വത്തും സമ്പാദ്യവുമെല്ലാം വലിച്ചെറിഞ്ഞ് കുടിയൊഴിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് ആവശ്യമായ വഴികളും തുറന്നുകൊടുക്കണം. ഒന്നര ലക്ഷം രൂപ പ്രാഥമിക സഹായം അനുവദിച്ചിട്ടുണ്ട്. നഷ്ടപരിഹാര തുക എത്രയെന്ന് നിശ്ചയിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. ജോഷിമഠ് സമ്പൂർണമായി മുങ്ങുമെന്ന് ഐ എസ് ആർ ഒ അടക്കമുള്ള ഏജൻസികൾ വ്യക്തമാക്കുമ്പോൾ പാരിസ്ഥിതിക ദുർബലമായ മുഴുവൻ പ്രദേശങ്ങൾക്കുമുള്ള പാഠം അതിലുണ്ട്. നാളെ ഈ അവസ്ഥ നമ്മെ തേടി വരാതിരിക്കാനുള്ള മുൻകരുതലുകളാണ് ആവശ്യം.

Siraj Live sub editor 9744663849