Editorial
ക്യാമ്പസ് ഗുണ്ടായിസത്തിന് അറുതിയില്ലേ?
ക്യാമ്പസുകളെ ഇടിമുറികളാക്കുകയും അവിടെ ചോരക്കറ വീഴ്ത്തുകയും ചെയ്യുന്ന വിദ്യാര്‍ഥി ക്രിമിനലുകളെ മുഖം നോക്കാതെ നിയമത്തിന് വിട്ടുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകാത്ത കാലത്തോളം അവിടെ സമാധാനം ഉറപ്പ് വരുത്താനാകില്ല.

ഓരോ അക്രമം അരങ്ങേറുമ്പോഴും ക്യാമ്പസുകളെ സുരക്ഷിതമാക്കാനും അക്രമം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും പ്രഖ്യാപിക്കാറുണ്ടെങ്കിലും അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ക്യാമ്പസുകളിലെ ഗുണ്ടായിസവും അക്രമവും. മുംബൈയിലെ അധോലോക സംഘങ്ങളെ ഓര്‍മിപ്പിക്കുന്ന കൊടിയ ക്രൂരതകളാണ് കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്നതെന്നാണ് പൂക്കോട് ഗവ. വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
ബി വി എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു തുടക്കത്തില്‍ പോലീസ്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിദ്ധാര്‍ഥിന് ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദനവും ഏല്‍ക്കേണ്ടി വന്ന വിവരം പുറത്തുവന്നത്. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ഈ വിദ്യാര്‍ഥിക്കേറ്റ കൊടുംക്രൂരതയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.
സിദ്ധാര്‍ഥിന്റെ വയറിലും നെഞ്ചിലും കാല്‍പ്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് വരിഞ്ഞു മുറുക്കിയതായും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. കസേരയില്‍ ഇരുത്തി മര്‍ദിച്ച ശേഷം പിറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് വയറിലും നെഞ്ചത്തും ചവിട്ടിയതാകാനാണ് സാധ്യതയെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ പക്ഷം. ഇലക്ട്രിക് വയറു കൊണ്ട് കോളജ് യൂനിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മര്‍ദിച്ചതായി സഹപാഠികള്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ വിധം സിദ്ധാര്‍ഥ് തുടര്‍ച്ചയായി മൂന്ന് ദിവസം കൊടിയ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമായെന്നാണ് വിവരം. എന്നിട്ടും എന്തുകൊണ്ട് കോളജ് അധികൃതര്‍ ഇതൊന്നും അറിയാതെ പോയെന്ന സിദ്ധാര്‍ഥിന്റെ കുടുംബത്തിന്റെ ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി എന്ന ലക്ഷ്യത്തില്‍ ക്യാമ്പസുകളില്‍ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ മന്ത്രിസഭ ഇന്നലെ തീരുമാനിച്ചതായി മന്ത്രി പി രാജീവ് മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. നല്ലതു തന്നെ. എന്നാല്‍ ആദ്യമായി സര്‍ക്കാര്‍ ഒരുക്കേണ്ടത്, വിദ്യാര്‍ഥികള്‍ക്ക് മനുഷ്യത്വവും സഹവിദ്യാര്‍ഥി സ്നേഹവും പഠിപ്പിക്കാനുള്ള പദ്ധതിയും സംവിധാനവുമാണ്. സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും ഗുണ്ടായിസത്തിന്റെയും വാര്‍ത്തകളാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെയും റാഗിംഗിന്റെയും പേരില്‍ ക്യാമ്പസുകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ നാളെ നയിക്കേണ്ട തലമുറ തമ്മില്‍ തല്ലിയും കൊന്നും നശിക്കുകയും രാജ്യത്തിന് ശാപമായി മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.
വളര്‍ന്നു വരുന്ന തലമുറയില്‍ രാഷ്ട്രീയ നേതൃപാടവം വളര്‍ത്തിയെടുക്കാനുള്ള വേദിയെന്ന അവകാശ വാദത്തോടെയാണ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപവത്കരിക്കുന്നത്. ആശയം നന്ന്. വിദ്യാലയ രാഷ്ട്രീയത്തിന്റെ പൂര്‍വകാല ചരിത്രവും അതാണ്. കൊളോണിയല്‍ വിരുദ്ധ സമരത്തിന് കരുത്ത് പകരുന്നതിനും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ദേശീയ സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും മൗലാനാ ആസാദിനെയും പോലുള്ള ദേശീയ നേതാക്കളായിരുന്നു അക്കാലത്ത് വിദ്യാര്‍ഥികളെ രാഷ്ട്രീയ ഭൂമികയിലേക്ക് ഇറക്കിയത്. ഇന്നും ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ക്യാമ്പസ് രാഷ്ട്രീയം ഉജ്ജ്വല പങ്ക് വഹിക്കുന്നുണ്ട്.
എന്നാല്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചക്കും ക്ഷേമത്തിനുമെന്നതിലുപരി മാതൃപാര്‍ട്ടിയുടെ വളര്‍ച്ചക്കുതകുന്ന പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളിലുമാണ് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യാപൃതരാകുന്നത്. അക്രമാസക്തമായ തെരുവ് രാഷ്ട്രീയമാണ് കലാലയങ്ങളില്‍ പരീക്ഷിക്കുന്നത്. വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കാള്‍ മാതൃപാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങളോടാണ് അവര്‍ക്ക് ആഭിമുഖ്യം. സര്‍ഗാത്മക സംവാദങ്ങളുടെ വേദിയാകേണ്ട ക്ലാസ്സ് മുറികളും ഹോസ്റ്റല്‍ മുറികളും ഇടിമുറികളും ആയുധപ്പുരകളുമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു സഹപാഠി അക്രമത്തിനിരയാകുന്നത് കണ്ടാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് രക്ഷക്കെത്താനോ വിവരം പുറത്തുപറയാനോ പോലും പറ്റാത്ത വിധം ഭീകരാന്തരീക്ഷമാണ് പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നത്. സിദ്ധാര്‍ഥ് ക്രൂരമായി മര്‍ദിക്കപ്പെടുന്നത് കണ്ടിട്ടും പുറത്തു പറയാതിരുന്നത് തങ്ങളുടെ ജീവനില്‍ ഭയന്നാണെന്ന് സഹവിദ്യാര്‍ഥികള്‍ പോലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും വെളിപ്പെടുത്തുകയുണ്ടായി. മര്‍ദന വിവരം പുറത്തുപറഞ്ഞാല്‍ നിങ്ങള്‍ക്കും സിദ്ധാര്‍ഥിന്റെ ഗതിവരുമെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഹോസ്റ്റല്‍ മുറികളില്‍ കയറി ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.
പന്ത്രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് സിദ്ധാര്‍ഥ് മര്‍ദിക്കപ്പെട്ട കേസില്‍ പ്രതികള്‍. ഇവരില്‍ ഒന്പത് പേരാണ് ഇതിനകം പിടിയിലായത്. ഒളിവിലാണ് മറ്റുള്ളവര്‍. മാതൃസംഘടനയുടെ സംരക്ഷണത്തിലായിരിക്കും മിക്കവാറും ഇവര്‍ ഒളിവില്‍ കഴിയുന്നത്. അഥവാ പിടിയിലായാല്‍ തന്നെ അവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും രാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തുകയും ചെയ്യും. പല വിദ്യാര്‍ഥി സംഘടനകളുടെയും നേതൃപദവി വഹിക്കുന്നത് സഹവിദ്യാര്‍ഥികളെ കൊന്ന കേസിലെ പ്രതികളാണല്ലോ. ക്യാമ്പസുകളില്‍ അരാജകത്വവും ഗുണ്ടായിസവും അക്രമവും വര്‍ധിക്കാന്‍ കാരണവും ഇതൊക്കെ തന്നെ. ക്യാമ്പസുകളെ ഇടിമുറികളാക്കുകയും അവിടെ ചോരക്കറ വീഴ്ത്തുകയും ചെയ്യുന്ന വിദ്യാര്‍ഥി ക്രിമിനലുകളെ മുഖം നോക്കാതെ നിയമത്തിന് വിട്ടുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകാത്ത കാലത്തോളം അവിടെ സമാധാനം ഉറപ്പ് വരുത്താനാകില്ല.