Connect with us

National

ബോംബ് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ല;കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ശനിയാഴ്ച ഉച്ചയ്ക്ക് 2.48 ന് ബെംഗളുരുവില്‍ സ്ഫോടനമുണ്ടാകുമെന്ന് മെയില്‍ അയച്ച ഷാഹിദ് ഖാന്‍ മുന്നറിയിപ്പ് നല്‍കി.

Published

|

Last Updated

ബെംഗളുരു|ബെംഗളുരുവില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണ്ണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളുരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഇ മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ശനിയാഴ്ച ഉച്ചയ്ക്ക് 2.48 ന് ബെംഗളുരുവില്‍ സ്ഫോടനമുണ്ടാകുമെന്ന് മെയില്‍ അയച്ച ഷാഹിദ് ഖാന്‍ മുന്നറിയിപ്പ് നല്‍കി.

റസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്‌ഫോടനം നടത്തുക എന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നും ഇ മെയിലില്‍ പറയുന്നു. സ്‌ഫോടനത്തില്‍ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചനദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാമേശ്വരം കഫേ സ്‌ഫോടനം ട്രെയിലറാണെന്നും, അമ്പാരി ഉത്സവ് ബസില്‍ പൊട്ടിത്തെറിയുടെ രണ്ടാമത്തെ ട്രെയിലര്‍ കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഭീഷണിയായി ഇമെയിലില്‍ പറയുന്നു. മാര്‍ച്ച് ഒന്നിന് ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

അതേസമയം രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ തീവ്രവാദ വിരുദ്ധ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Latest