Connect with us

Kerala

നെയ്യാറ്റിന്‍കര വിവാദ സമാധി പൊളിക്കല്‍; സ്ഥലത്ത് നടപടി ആരംഭിച്ചു

ആര്‍ ഡി ഒ എത്തിയാല്‍ പൊളിക്കല്‍ ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ച് പരിശോധിക്കുന്നതിനുള്ള നടപടികള്‍ അതിരാവിലെ ആരംഭിച്ചു. അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നീക്കം.

പോലീസ് പ്രദേശത്ത് വടം കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചു. ആര്‍ ഡി ഒ സ്ഥലത്തെത്തിയാല്‍ ഉടന്‍ കല്ലറ തുറന്നു പരിശോധിക്കുന്ന നടപടിയിലേക്ക് കടക്കുമെന്നു പോലീസ് അറിയിച്ചു. മാധ്യമ സംഘങ്ങളും അതിരാവിലെ സ്ഥലത്ത് എത്തിയിട്ടുണ്ട്. റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ രാത്രി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് കൂടുതല്‍ പോലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ഗോപന്‍ സ്വാമിയുടെ കല്ലറയില്‍ മകന്‍ രാത്രി പൂജ നടത്തിയിരുന്നു. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസില്‍ അന്വേഷണം നടത്തുന്ന പോലിസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കല്ലറ തുറന്ന് പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപന്‍ സ്വാമിയുടെ കുടുംബം. അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവര്‍ത്തിക്കുകയാണ് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യത്തിനു മുമ്പില്‍ കുടുംബം മൗനം പാലിക്കുകയാണ്.

മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്‌കാനര്‍ വെച്ച് മനുഷ്യ ശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം. കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തില്‍ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങള്‍ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കള്‍ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകള്‍ മക്കള്‍ നിറവേറ്റിയതാണെന്നും സനന്ദന്‍ പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest