Connect with us

സാഹിത്യം

കവിതയിലെ പുതുനോട്ടങ്ങൾ...

വസ്‌നെസെൻസ്‌കിയുടെ കവിതകളെല്ലാം തന്നെ പരീക്ഷണോന്മുഖമാണ്. രൂപ, ഭാവ, താളലയങ്ങളുടെ നൂതനമായ സന്നിവേശവും ബൗദ്ധികത പ്രസരിക്കുന്ന ആശയാവിഷ്കാരവും അവയുടെ മുഖ്യസവിശേഷതകളാണ്. ആദ്യകാല കവിതാസമാഹാരങ്ങളിൽ The Masters (1959), Mosaic (1960) എന്നിവ ഏറെ സഹൃദയശ്രദ്ധ നേടിയവയാണ്. 1960ൽ പുറത്തുവന്ന യുദ്ധത്തിന്റെ ഭീകരത ആവിഷ്കരിക്കുന്ന "ഗോയ' അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിൽ ഒന്നാണ്.

Published

|

Last Updated

വിപ്ലവാനന്തര റഷ്യൻ സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളായ ആന്ദ്രി അന്ദ്രിയേവിച്ച് വസ്‌നെസെൻസ്‌കി (Andrey Andreyevich Voznesensky) പരീക്ഷണോൺമുഖ കവിതയുടെ ശക്തനായ വക്താവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. സോവിയറ്റ് കവിതയെ അടിമുടി പരീക്ഷണങ്ങൾക്ക് വിധേയനാക്കിയ ഈ എഴുത്തുകാരൻ അതുവഴി അക്കാലത്തെ മറ്റു കവികളെയും കാവ്യാസ്വാദകരേയും ഒരുപോലെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത പ്രതിഭയാണ്. 1933 മെയ്‌ പന്ത്രണ്ടിന് മോസ്‌കോയിൽ ജനിച്ച വസ്‌നെസെൻസ്‌കി ആർക്കിടെക്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് കവിതകൾ എഴുതിത്തുടങ്ങിയത്. കവിതകളിൽ ചിലത് അന്നത്തെ വിഖ്യാത കവി ബോറിസ് പാസ്റ്റെർനാക്കിന് അദ്ദേഹം അയച്ചു കൊടുക്കുകയുണ്ടായി. അവ വായിച്ച പാസ്റ്റർനാക്ക് യുവകവിയെ പ്രോത്സാഹിപ്പിക്കുകയും കവിതയെഴുത്ത് സംബന്ധിച്ച പ്രായോഗികമായ ചില നിർദേശങ്ങളും ഉപദേശങ്ങളും അദ്ദേഹത്തിനു നൽകുകയും ചെയ്തു.

ആയിരത്തി തൊള്ളായിരത്തി അറുപതുകൾ സോവിയറ്റ് കവിത കുറേക്കൂടി ജനകീയമായ ഒരന്തരീക്ഷത്തിലേക്ക് വഴിമാറിയ കാലഘട്ടമായിരുന്നു. അക്കാലത്താണ് പൊതുഇടങ്ങളിൽ കവികൾ സ്വന്തം കവിതകൾ ചൊല്ലുന്ന രീതിക്ക് വളരെയേറെ പ്രചാരം ലഭിച്ചത്. യെവ്ഗെനി യെവ്തുഷെൻകോയെപ്പോലെ അക്കാലത്ത് പ്രശസ്തരായ യുവകവികൾക്കൊപ്പം വസ്‌നെസെൻസ്‌കിയും ഇത്തരത്തിൽ കവിതകൾ ചൊല്ലിക്കൊണ്ട് ജനസഹസ്രങ്ങളെ ആകർഷിച്ചു. കഫേകളിലും തെരുവോരങ്ങളിലും കായിക വിനോദ മൈതാനങ്ങളിലും കവിതാ പാരായണങ്ങൾ സർവ സാധാരണമായിരുന്നു. തങ്ങളുടെ ആശയങ്ങൾ കവിതകളിലൂടെ ജനങ്ങളുമായി നേരിട്ട് പങ്കുവെക്കുവാനുള്ള അവസരമാണ് ഇത്തരം തുറന്ന വേദികളിലെ കാവ്യാലാപന പരിപാടികൾ കവികൾക്കു നൽകിയത്.

ജനങ്ങൾക്കും അതൊരു പുതിയ അനുഭവമായിരുന്നു. അതേസമയം ഭരണകൂടം ഈ സമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നപ്പോൾ, അവ്യക്തവും ദുർഗ്രഹവും പ്രത്യയശാസ്ത്രപരമായി അപക്വവുമായ രചനകൾ ആവിഷ്കരിക്കുന്നു എന്ന ആരോപണം വസ്‌നെസെൻസ്‌കി ഉൾപ്പെടെയുള്ള കവികൾക്ക് നേരിടേണ്ടിവരികയും ചെയ്തു. അതേസമയം ഈ വിഷയത്തിൽ മറ്റു പല കവികൾക്കും പല നിയമനടപടികൾക്കും വിധേയമാകേണ്ടി വന്നപ്പോൾ വസ്‌നെസെൻസ്‌കിയെ അവയൊന്നും കൂടുതലായി ബാധിച്ചില്ലെന്നു മാത്രമല്ല, സ്റ്റേറ്റിന്റെ പല അംഗീകാരങ്ങളും പദവികളും നേടുന്നതിൽ അവയൊന്നും അദ്ദേഹത്തിന് തടസ്സമായതുമില്ല. 1978ൽ യു എസ് എസ് ആറിലെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായ സ്റ്റേറ്റ് പ്രൈസ് ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.

വസ്‌നെസെൻസ്‌കിയുടെ കവിതകളെല്ലാം തന്നെ പരീക്ഷണോന്മുഖമാണ്. രൂപ, ഭാവ, താളലയങ്ങളുടെ നൂതനമായ സന്നിവേശവും ബൗദ്ധികത പ്രസരിക്കുന്ന ആശയാവിഷ്കാരവും അവയുടെ മുഖ്യസവിശേഷതകളാണ്. ആദ്യകാല കവിതാസമാഹാരങ്ങളിൽ The Masters (1959), Mosaic (1960) എന്നിവ ഏറെ സഹൃദയശ്രദ്ധ നേടിയവയാണ്. 1960ൽ പുറത്തുവന്ന യുദ്ധത്തിന്റെ ഭീകരത ആവിഷ്കരിക്കുന്ന “ഗോയ’ അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിൽ ഒന്നാണ്. My Achilles Heart, Self Portrait തുടങ്ങിയ കവിതകൾ അറുപതുകളിലെ സോവിയറ്റ് യൂണിയനിലെ ഏറെ പ്രക്ഷുബ്ധമായ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയുടെ നേർചിത്രങ്ങൾ ആവിഷ്കരിക്കുന്നു. പിൽക്കാല കൃതികളിൽ Antiworlds (1964), “Let the Bird Free!'(1974), “Temptation ‘ (1978) എന്നിവ പ്രധാനപ്പെട്ടവയാണ്. “Under the Virtual Wind’ (1998) അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്.

കവിതയുടെ രൂപ, ഭാവ ഘടനയിൽ നിരന്തരമായ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്ന കവിയായിരുന്നു ആന്ദ്രി അന്ദ്രിയേവിച്ച് വസ്‌നെസെൻസ്‌കി. അവയൊന്നും പക്ഷേ അദ്ദേഹത്തിന്റെ കവിതകളുടെ സർഗപരമായ ഔന്നത്യത്തേയും കലാപരതയെയും ഒരുതരത്തിലും ബാധിച്ചിരുന്നില്ല. വായനാലോകത്ത് എന്നും അവയുടെ സ്ഥാനം ഉന്നതമായിരുന്നു. 2010 ജൂൺ ഒന്നിന് മോസ്കോയിൽ വെച്ച് എഴുപത്തിയേഴാം വയസ്സിൽ കവി ജീവിതത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കവിതകൾക്ക് ഇന്നും വായനക്കാർ ഏറെയാണ്.

 

 

 

Latest