Connect with us

Uae

പുതിയ ആരോഗ്യ നിയന്ത്രണങ്ങള്‍ ജൂലൈ അവസാനത്തോടെ പ്രാബല്യത്തില്‍ വരും

നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയുടെ തുക ഇരട്ടിയാക്കും.

Published

|

Last Updated

ദുബൈ | ദുബൈയില്‍ തൊഴില്‍, താമസം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് പുതിയ ആരോഗ്യ നിയന്ത്രണങ്ങള്‍ അടുത്ത മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നേരത്തെ ഇത് സംബന്ധമായ നിയമം പുറപ്പെടുവിച്ചിരുന്നു.

ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ നിര്‍വചിക്കുകയും വ്യക്തികള്‍ക്കുള്ള മെഡിക്കല്‍ പരിശോധനകള്‍, തൊഴില്‍ പൂര്‍വ പരിശോധനകള്‍, താമസ സൗകര്യം നേടല്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കല്‍, പ്രൊഫഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ നേടല്‍, പ്രൊഫഷണല്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കല്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്യുന്നതാണ് നിയമം.

കുടുംബാരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഗര്‍ഭാവസ്ഥ, പ്രസവം, പ്രസവാനന്തര പരിചരണം, അമ്മമാര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കല്‍, കുടുംബാസൂത്രണ പരിപാടികള്‍, കുട്ടികളുടെ രോഗപ്രതിരോധ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നു. കൗമാരക്കാര്‍, മുതിര്‍ന്നവര്‍, പ്രായമായവര്‍ എന്നിവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും നിയമം ലക്ഷ്യമിടുന്നു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, വാക്സിനേഷനുകള്‍, സ്‌ക്രീനിംഗുകള്‍, ആരോഗ്യ വിദ്യാഭ്യാസം എന്നിവ നല്‍കുക, മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മെഡിക്കല്‍ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ഈ നിയമത്തിലൂടെ നടപ്പാക്കും.

നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയുടെ തുക ഇരട്ടിയാക്കും.

 

Latest