Connect with us

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നാസിക്കിൽ നിന്ന് ഒരാൾ കൂടി പിടിയിൽ; അന്വേഷണം സി ബി ഐ ഏറ്റെടുത്തു

രാജസ്ഥാൻ പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Published

|

Last Updated

നാസിക് | രാജ്യത്തെ പിടിച്ചുലച്ച നീറ്റ് യു ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. ഇന്ദിരാ നഗർ സ്വദേശിയായ ശുഭം ഖൈർനാർ എന്നയാളെയാണ് നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടിയിലായ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി രാജസ്ഥാൻ പോലീസിന് കൈമാറും. പരീക്ഷാ അഴിമതിയുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര സർക്കാർ സി ബി ഐക്ക് കൈമാറിയതിന് പിന്നാലെയാണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മെയ് 3 ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ് ഓ ജി) ആണ് അന്വേഷണം നടത്തിയിരുന്നത്. ഈ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ നാസിക് മുതൽ രാജസ്ഥാനിലെ സീക്കർ വരെ നീളുന്ന വൻ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നു. ചോദ്യപേപ്പർ അച്ചടിച്ച നാസിക്കിലെ പ്രസ്സിൽ നിന്നാണ് ഇത് ചോർന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

സീക്കറിലെ കോച്ചിംഗ് സെന്ററുകൾക്ക് പുറത്ത് കൗൺസിലിംഗ് ഏജന്റായി പ്രവർത്തിക്കുന്ന രാകേഷ് കുമാർ മണ്ടാവരിയ എന്നയാളാണ് പേപ്പർ വിതരണത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇയാൾ വെറും 30,000 രൂപയ്ക്ക് കേരളത്തിൽ എം ബി ബി എസ് പഠിക്കുന്ന സീക്കർ സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് ചോദ്യപേപ്പർ വിറ്റിരുന്നു. ഈ വിദ്യാർത്ഥി തന്റെ പിതാവിന് വാട്സാപ്പ് വഴി പേപ്പർ അയച്ചു നൽകുകയും സീക്കറിലെ ഒരു ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഇത് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പരീക്ഷയ്ക്ക് ശേഷം ചോദ്യങ്ങൾ ഒത്തുനോക്കിയപ്പോൾ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും അതേപടി ചോർന്നതായി കണ്ടെത്തി. കെമിസ്ട്രി ചോദ്യങ്ങൾ കോമയും ഫുൾസ്റ്റോപ്പും പോലും മാറാതെയാണ് ചോർന്ന പേപ്പറിൽ ഉണ്ടായിരുന്നത്.

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് നീറ്റ് പരീക്ഷാ ക്രമക്കേടിലെ വിശദമായ അന്വേഷണം സി ബി ഐക്ക് വിട്ടത്. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയ സംഘങ്ങളുടെ പങ്ക്, സാമ്പത്തിക ഇടപാടുകൾ എന്നിവ സി ബി ഐ വിശദമായി പരിശോധിക്കും. 22 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിച്ച ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര നീക്കം.

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പൊലീസ് രാജ്യമൊട്ടാകെ നടത്തിയ തിരച്ചിലിൽ ഇതിനോടകം 16 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights:

Nashik Police arrested a suspect named Shubham Khairnar in connection with the high-profile NEET-UG paper leak case. The investigation, which spans multiple states including Rajasthan and Kerala, has now been officially handed over to the CBI. Authorities believe the leak originated from a printing press in Nashik and reached various coaching hubs across India.

Latest