Connect with us

National

രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ എൻഡിഎക്ക് ആവശ്യം കേവലം മൂന്ന് സീറ്റുകൾ മാത്രം

അടുത്തിടെ 56 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 30 സീറ്റുകളാണ് എൻഡിഎ നേടിയത്.

Published

|

Last Updated

ന്യൂഡൽഹി | ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, എൻ ഡി എ രാജ്യസഭയിൽ ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി. രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ എൻ ഡി എക്ക് ഇനി ആവശ്യം വരിക കേവലം മൂന്ന് സീറ്റുകൾ മാത്രം. അടുത്തിടെ 56 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 30 സീറ്റുകളാണ് എൻഡിഎ നേടിയത്. ഇതോടെ എൻ ഡി എ. എംപിമാരുടെ എണ്ണം 118 ആയി ഉയർന്നു. 97 ആയിരുന്നു നിലവിലെ അംഗസംഖ്യ.

245 അംഗ രാജ്യസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 123 സീറ്റുകളാണ്. നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അവയിൽ നാലെണ്ണം രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള ജമ്മു കശ്മീരിലും ഒന്ന് നോമിനേറ്റഡ് അംഗ വിഭാഗത്തിലുമാണ്. ഇതോടെ സഭയിലെ അംഗങ്ങളുടെ എണ്ണം 240 ആയും ഭൂരിപക്ഷത്തിന് വേണ്ട അക്കം 121 ആയും കുറഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ എൻ ഡി എക്ക് ഇനി ആവശ്യം മൂന്ന് സീറ്റുകൾ മാത്രമാണ്.

അടുത്തിടെ 56 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 41 സീറ്റുകളിലും എൻ ഡി എ സ്ഥാനാർഥികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്ക് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നു. മൂന്ന് സംസ്ഥാനങ്ങളിലുമായി ബിജെപി രണ്ട് അധിക സീറ്റുകൾ കൂടി നേടി. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒന്നിലധികം സീറ്റുകളും ഉത്തർപ്രദേശിൽ ഒരു സീറ്റും ബിജെപി നേടിയിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്യുകയായിരുന്നു.

രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ലോക്‌സഭയിൽ പാസാക്കിയ പല ബില്ലുകളും രാജ്യസഭയിൽ പാസാക്കാൻ എൻ ഡി എക്ക് കഴിയാതിരുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. 2018-ലെ മുത്തലാഖ് ബില്ലും 2017-ൽ ഭൂപരിഷ്‌കരണ ബില്ലും രാജ്യസഭയിൽ പാസാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. എന്നാൽ പിന്നീട് സർക്കാർ മുത്തലാഖ് ബിൽ വീണ്ടും അവതരിപ്പിച്ചു.

2019ന് ശേഷം ഭൂരിപക്ഷമില്ലാതിരുന്നിട്ടും എൻഡിഎ സർക്കാരിന് സുപ്രധാനമായ ബില്ലുകൾ പാസാക്കാനായി എന്നതും ശ്രദ്ധേയമാണ്. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിർത്തലാക്കൽ, ഡൽഹി സർവീസസ് ബിൽ തുടങ്ങിയവയാണ് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൻഡിഎ സുഗമമായി രാജ്യസഭ കടത്തിയത്.

ചില നിഷ്പക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാറിന് രാജ്യസഭയിൽ ബില്ലുകൾ പാസ്സാക്കാൻ സാധിച്ചിരുന്നത്. നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദളിൽ നിന്നും ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ നിന്നും നിരവധി തവണ എൻഡിഎയ്ക്ക് രാജ്യസഭയിൽ പിന്തുണ ലഭിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ ലോക്സഭയിൽ പാസ്സാക്കുന്ന ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കുക എന്നത് എൻ ഡി എയെ സംബന്ധിച്ച് എളുപ്പമാകും.

Latest