Connect with us

Kerala

നദ്ദയുടെ തീവ്രവാദ ആരോപണം: ലക്ഷ്യം സമുദായങ്ങൾക്കിടയിൽ സംശയം വിതക്കൽ

ക്രൈസ്തവ സമൂഹത്തില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി മുസ്ലിംവിരുദ്ധ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആസൂത്രിത ശ്രമവും നദ്ദയുടെ പ്രസംഗത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്.

Published

|

Last Updated

കോഴിക്കോട് | കഴിഞ്ഞ ദിവസം കോഴിക്കോട് സന്ദര്‍ശിച്ച ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ തീവ്രവാദ ആരോപണം ഇടത് സര്‍ക്കാറിനെ ലക്ഷ്യമിട്ടാണെന്നു വിലയിരുത്തൽ. പിണറായി സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയെന്നുമായിരുന്നു നദ്ദയുടെ ആക്ഷേപം.  നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നു സി പി എം. പി ബി അംഗം എം എ ബേബി പ്രതികരിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുന്നു എന്ന നദ്ദയുടെ പ്രസ്താവനക്ക് തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നാണ് അദ്ദേഹം പറയുന്നത്.

ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെ വേരോട്ടമുണ്ടാക്കാന്‍ കേരളത്തില്‍ സാധ്യമാകാത്തതിനു പിന്നില്‍ മതേതര ബോധവും മത സൗഹാര്‍ദവുമാണെന്ന് ബി ജെ പി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മതേതര പാരമ്പര്യത്തിന് ഭംഗം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നാണു വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ അടുത്തിടെ നടന്ന ആസൂത്രിതമായ കൊലപാതകങ്ങള്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണെന്നു സൂചനകളുണ്ടായിരുന്നു. ആലപ്പുഴയിലും പാലക്കാട്ടും ആർ എസ് എസും എസ് ഡി പി ഐയും പരസ്പരം കൊന്നുകൊണ്ടുള്ള സംഭവങ്ങള്‍ക്കു താത്കാലിക ശാന്തത കൈവന്നെങ്കിലും വിവിധ ജില്ലകളില്‍ സംഘര്‍ഷം പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ വിത്തു വിതക്കാനാണ് ഭീതി പടര്‍ത്തുന്ന തരത്തിലുള്ള ഇത്തരം പ്രചാരണങ്ങള്‍കൊണ്ടു ബി ജെ പി ലക്ഷ്യമിടുന്നത്.

പി സി ജോര്‍ജ് ഉയര്‍ത്തിയതുപോലുള്ള വര്‍ഗീയ നിലപാടുകള്‍ ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ക്രൈസ്തവ സമൂഹത്തില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി മുസ്ലിംവിരുദ്ധ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആസൂത്രിത ശ്രമവും നദ്ദയുടെ പ്രസംഗത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. മലപ്പുറം ജില്ലയെ പേരെടുത്തുപറഞ്ഞുകൊണ്ടു വര്‍ഗീയമായ പരാമര്‍ശങ്ങളും നദ്ദയില്‍ നിന്നുണ്ടായിരുന്നു. കേരള സര്‍ക്കാറിനെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കവും ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കേരളത്തില്‍ വര്‍ഗീയ കലാപം പോലുള്ള നീക്കങ്ങള്‍ തടയുന്നത് ഇടത് സര്‍ക്കാറാണെന്ന് ബി ജെ പി വിലയിരുത്തുന്നു. കേരളത്തിലെ ഇടതു സര്‍ക്കാറും തമിഴ്‌നാട്ടിലെ ഡി എം കെ സര്‍ക്കാറും മാത്രമാണ് ഇപ്പോള്‍ ബി ജെ പിയുടെ കടന്നുവരവിനെ പ്രതിരോധിക്കുന്നത്. ഈ രണ്ടു സര്‍ക്കാറുകളേയും ഏതുവിധേനയും തകര്‍ക്കാമെന്ന ആസൂത്രണമാണ് ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.  സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയും ആസൂത്രിത പ്രചാരണങ്ങള്‍ ആരംഭിച്ചതും ഇത്തരം നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest