Connect with us

National

മൈലാപ്പൂര് ഷൗക്കത്താലി മൗലവി വിടവാങ്ങി

ഇന്നലെ രാത്രി മൈലാപ്പൂരുള്ള മിഷ്ക്കാത്ത് വലിയ വീട്ടിൽ ആയിരുന്നു അന്ത്യം.

Published

|

Last Updated

കിളികൊല്ലൂർ| പ്രശസ്ത മതപണ്ഡിതനും ഗ്രന്ഥകാരനും ബഹുഭാഷാപണ്ഡിതനും, റിട്ടയേർഡ് അദ്ധ്യാപകനുമായ മൈലാപ്പൂര് ഷൗക്കത്താലി മൗലവി (91) വിടവാങ്ങി. ഇന്നലെ രാത്രി മൈലാപ്പൂരുള്ള മിഷ്ക്കാത്ത് വലിയ വീട്ടിൽ ആയിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. 1934 ഏപ്രിൽ 22 ന് കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിലെ മൈലാപ്പൂര് വലിയ വീട്ടിൽ ആണ് ജനനം. വലിയ വീട്ടിൽ സുലൈമാൻ കുഞ്ഞാണ് പിതാവ്’. വേലിശേരി ബംഗ്ലാവിൽ സൈനബ ഉമ്മയാണ് മാതാവ്.

മാതാപിതാക്കളിൽ നിന്ന് പ്രാഥമിക അറിവുകൾ പഠിച്ചു. തുടർന്ന് സ്‌കൂൾ വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും ഒരുമിച്ച് അഭ്യസിച്ചു. കോയാക്കുട്ടി മുസ്ലിയാരിൽ നിന്ന് ഖുർആൻ പഠിച്ചു. തട്ടാമല സ്കൂളിൽ വിദ്യാഭ്യാസം നടത്തി. കൊല്ലൂർവിള മഅദനുൽ ഉലൂം അറബിക് കോളേജിൽ മത വിദ്യാഭ്യാസം ആരംഭിച്ചു. അവിടെ വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, കിടങ്ങയം ഇബ്രാഹിം മൗലവി എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്. കൊല്ലൂർവിള പള്ളി ദർസിൽ പഠിക്കുമ്പോൾ ഹൈസ്കൂൾ പഠനത്തിന് ശേഷം കൊല്ലം എസ് എൻ കോളേജിൽ ഇൻ്റർമീഡിയറ്റ് പ്രവേശനം നേടി. ഒരേ സമയം മത ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടിയ പ്രശസ്തരിൽ ആദ്യ പട്ടികയിൽ ഷൗക്കത്താലി ഉസ്താദും ഇടം നേടി. പിന്നീട് ബി എസ് സി ബിരുദവും നേടി. പി എസ് സി സെലക്ഷനിൽ അദ്ധ്യാപകനായി.

അദ്ധ്യാപക സേവന കാലത്താണ് പത്തനാപുരം മൗണ്ട് ടാബോർ ട്രൈയിനിംഗ് അക്കാദമിയിൽ നിന്ന് ബി എഡ്  പാസ്സായത്. വയനാട്,  കൊല്ലം ജില്ലയിലെ പല സ്കൂളുകളിലും അദ്ധ്യാപകനായി. പേരൂർ മീനാക്ഷി വിലാസം ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി നോക്കുമ്പോഴാണ് വാനശാസ്ത്രവും ചന്ദ്ര ദർശനസിദ്ധാന്തവും ഗവേഷണം നടത്തുന്നത്. അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നടത്തിയ തട്ടാമല സ്കൂളിൽ നിന്നാണ് അദ്ധ്യാപക ജോലിയിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്നത്.

അദ്ധ്യാപക ജോലിക്കൊപ്പം മൗലവി എഴുത്തിലും ഗ്രന്ഥരചനയിലും കഴിവ് തെളിയിച്ചു. ഖുലാസത്തുൽ നിസാഅ്, മിശ്ക്കാത്തുൽ മസാബീഹ് പരിഭാഷ, വാനശാസ്ത്രം, അറബി ഗണിതശാസ്ത്രം,ഇമാം ഗസ്സാലിയുടെ ഹൃദയവിശാലത അദ്ധ്യാത്മിക ചിന്തകളുടെ സർവ്വവിജ്ഞാനകോശം, അലങ്കാരശാസ്ത്ര താരതമ്യ പഠന വിവർത്തനം. ഇസ്‌ലാമിക ദായക്രമം, ഹിജ്റ പതിനഞ്ചാം നൂറ്റാണ്ട് തുടങ്ങി 50 ഓളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന പ്രണയ കാവ്യമായ ഇമാം ബുസൂരി രചിച്ച അറബി ഭാഷയിലുള്ള ഖസീദത്തുൽ ബുർദ്ദ’ മലയാളത്തിൽ പരിഭാഷപ്പെടുത്തി. കേരള സർക്കാരിന്റെ സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനായും , അന്നസീംമാസികയുടെ പത്രാധിപരായും സേവനം ചെയ്തു. അയത്തിൽ നിന്നുള്ള ആദ്യകാല മാസികയായ വിജയ മാർഗ്ഗം മാസികയുടെ പത്രാധിപരായി ചെറുപ്പത്തിൽ തന്നെ കഴിവ് തെളിയിച്ചിരുന്നു. അത്പോലെ തന്നെ ഇസ്ലാമിക് ദായക്രമം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മൗലവിക്ക് ഗവണ്മെന്റ് പാരിതോഷികം അനുവദിച്ചിട്ടുമുണ്ട്. മദ്രസ പഠനകാലത്ത് തന്നെ പ്രസിദ്ധീകരിച്ച ”കഅ്ബാലയ നവീകരണം മാപ്പിളപ്പാട്ട് ” ആണ് ആദ്യ കൃതി. പിന്നെ കിതാബ് സൗമിന്റെ മലയാള പരിഭാഷ. ഫാതിഹയുടെ വ്യാഖ്യാനം,മതവും യുക്തിവാദികളും, മുഹമ്മദൻ ലോ സമ്പൂർണ്ണ അവലോകനം, തുടങ്ങിയവ രചിച്ചു. അറിവിൻ്റെമൂല്യത്തെ മനസ്സിലാക്കിയ നിരവധി പ്രസ്ഥാനങ്ങളൾ സ്വദേശത്തും വിദേശത്തു മടക്കം ആദരിക്കപ്പെടുകയും ഇമാം റാസി അവാർഡ് അടക്കമുള്ള പല അവാർഡുകൾക്കും അർഹനാവുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ജാമിഅഃ മന്നാനിയ്യയുടെ സ്ഥാപക സെക്രട്ടറിയായി ചുമതലയേറ്റ ഷൗക്കത്താലി മൗലവി പിന്നീട് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായും പ്രവർത്തിച്ചു.
അന്നസീം ചീഫ് എഡിറ്റർ ആയും തുടർന്ന് ദക്ഷിണയുടെ സംസ്ഥാന ട്രഷറർ ആയും വിവിധ കാലങ്ങളിൽ നേതൃത്വം നൽകി. മൈലാപ്പൂര് ഹൈ സ്കൂളിന് സമീപം സ്ഥാപിച്ച കാത്തിബിയ്യ മസ്ജിദും, മറ്റൊരിടത്ത് സ്ഥാപിച്ച ത്വരീഖത് മസ്ജിദും, റസൂൽ ഖരീം ഹദീസ് അക്കാദമിയും ഇന്നും അദ്ദേഹത്തിൻ്റെ പ്രവർത്തന ചരിത്രം വിളിച്ചറിയിക്കുന്നു. ഇക്കഴിഞ്ഞ വർഷം എസ് വൈ എസ് നേതാവും മർക്കസ് നോളഡ്ജ്സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സന്ദർശിച്ച് ആദരവ് നൽകിയിരുന്നു. മക്കൾ: റഷീദബീവി,അനീയസത്ത്, ലുബാബത്ത്, ബരീറത്ത്, ഹലീമത്ത് ,ഷാക്കിറത്ത്, അമീറത്ത്,അബ്ദുൽ ബാരി, അബ്ദുൽ വദൂദ്. മരുമക്കൾ: ഷംസുദ്ദീൻ ,അബ്ദുൽ സലീം, നിസാമുദ്ദീൻ ,നസീർ കുട്ടി, നിസാം, നജ്മുദ്ദീൻ, ഷീജ,ദുൽഫി.  ഖബറടക്കം മൈലാപ്പൂർ മുസ്ലിം ജമാഅത്ത് പള്ളിയങ്കണത്തിൽ.

 

 

Latest