Connect with us

SirajArticle

ഏറെ പിന്നാക്കമാണ് മുസ്‌ലിംകള്‍, എന്നിട്ടും

കേരളത്തില്‍ ഒരു സമുദായമെന്ന നിലക്ക് 27 ശതമാനമുള്ള മുസ്‌ലിംകള്‍ 23 ശതമാനമുള്ള ഈഴവരേക്കാളും 18 ശതമാനമുള്ള ക്രിസ്ത്യാനികളേക്കാളും 15 ശതമാനമുള്ള നായര്‍ വിഭാഗത്തേക്കാളും സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലൊക്കെ തന്നെയും വളരെ വളരെ പിറകിലാണ്.

Published

|

Last Updated

കേരള ചരിത്രം പരിശോധിച്ചാല്‍ ഇന്നുവരെ ജാതി ചിന്തകളും ഉച്ചനീചത്വങ്ങളും അയിത്താചാരങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വര്‍ഗീയമായ ചേരിതിരിവ് ഒരുകാലത്തും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കാം. ബ്രിട്ടീഷുകാരില്‍ നിന്ന് ക്രിസ്തു മതവും അറബികളില്‍ നിന്ന് ഇസ്‌ലാം മതവും സമാധാനത്തോടും സഹകരണത്തോടും കൂടിയാണ് കേരളത്തില്‍ പ്രചരിച്ചത്. ഇസ്‌ലാമും ക്രിസ്ത്യാനിസവും സെമിറ്റിക് പാരമ്പര്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞുണ്ടായതാണ്. അബ്‌റഹാമിയ്യാ പാരമ്പര്യത്തിന്റെ ഭാഗമായി വന്ന രണ്ട് സംവിധാനങ്ങളാണ് ഈ രണ്ട് പാരമ്പര്യങ്ങളും. കേരളത്തില്‍ വന്ന സെന്റ് തോമസിന്റെയും മാലിക് ബിനു ദീനാറിന്റെയും നേതൃത്വത്തിലുണ്ടായ രണ്ട് പ്രബോധക സംഘങ്ങളാണ് ഇവിടെ ഈ മതങ്ങളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വളരെ സൗഹൃദപരമായാണ് അവരെ കേരളം സ്വീകരിച്ചത്. കേരളത്തിലെ ജാതി വിവേചനങ്ങളും ഉച്ചനീചത്വങ്ങളും ഒരുപക്ഷേ ഈ രണ്ട് മതങ്ങളും വേഗത്തില്‍ പ്രചരിക്കാന്‍ കാരണമായിരിക്കാം. എന്നാലും പരസ്പരമുള്ള ശത്രുതയോ വിദ്വേഷമോ എതിര്‍പ്പോ ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യന്ത കേരളീയ രാഷ്ട്രീയ സാമൂഹിക പരിസരം എല്ലാകാലത്തും മതസൗഹാര്‍ദത്തിനും സഹിഷ്ണുതക്കും മാതൃക തന്നെയായിരുന്നു. അതിനുള്ള ഏറ്റവും വലിയ ആധുനിക രാഷ്ട്രീയ തെളിവ് യു ഡി എഫ് എന്ന രാഷ്ട്രീയ സംജ്ഞ തന്നെയാണ്.

കേരളത്തിലെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ നടന്ന ആശയപരമായ സംവാദങ്ങളേക്കാള്‍ ജീവിതത്തിലൂടെ നടന്ന സംഭാഷണങ്ങളും പങ്കുവെക്കലുകളുമാണ് ഈ രണ്ട് സമൂഹങ്ങളെയും ചേര്‍ത്തുനിര്‍ത്തിയതെന്നും മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഗള്‍ഫ് പ്രവാസം പരസ്പരം ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുമുള്ള റവ. ഡോ. വിന്‍സന്റ് കുണ്ടുകുളത്തിന്റെ അഭിപ്രായം പ്രസക്തമാകുന്നതിവിടെയാണ്.

എന്നാല്‍ ബാബരി മസ്ജിദ് ധ്വംസന കാലത്തോ ക്രൈസ്തവ സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒന്നൊന്നായി ആക്രമിച്ച സമയത്തോ ഉണരാത്ത മതസൗഹാര്‍ദ വിരുദ്ധവും വര്‍ഗീയവുമായ ചിന്തകള്‍ ഒരു ദശാബ്ദമായി കേരളത്തെ മെല്ലെ അലട്ടാന്‍ തുടങ്ങിയതായി കാണാം. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ അജന്‍ഡകളും മറ്റും അതിന് ആക്കം കൂട്ടിയതായി നിഷ്പക്ഷ നിരീക്ഷണത്തില്‍ തന്നെ നമുക്ക് ബോധ്യപ്പെടും.

മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുസ്‌ലിംകളുടെ അവസ്ഥ വ്യത്യസ്തമാണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പ്രബുദ്ധത, നവോത്ഥാന സംരംഭങ്ങളുടെ ഇടപെടലുകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ സാധ്യതകള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലുള്ള കേരളത്തിന്റെ മേന്മ എന്നിവയൊക്കെ പരിഗണിച്ച് കേരള മുസ്‌ലിംകള്‍ വളരെ മുന്നിലാണെന്ന ഒരു ധാരണ ഉണ്ടായിരുന്നുവെങ്കിലും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ മറ്റു സമുദായങ്ങളേക്കാള്‍ വളരെ പിറകിലാണ് എന്നതാണ് വസ്തുതയെന്നാണ് സച്ചാര്‍ കമ്മിറ്റി തന്നെ അഭിപ്രായപ്പെട്ടത്. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ നിലവാരമാണ് ആ സമൂഹത്തിനുള്ള സ്റ്റാറ്റസിന്റെ പ്രത്യക്ഷ അടയാളമെന്നിരിക്കെ പൊതു വിദ്യാഭ്യാസത്തില്‍ കേരളത്തില്‍ പല മാറ്റങ്ങള്‍ ഉണ്ടായിട്ടും സമുദായം ഇപ്പോഴും ക്രിസ്ത്യാനികളേക്കാളും മറ്റിതര പിന്നാക്ക ജാതികളേക്കാളും വളരെ പിറകിലാണെന്ന നഗ്ന സത്യം കൂടി സച്ചാര്‍ തന്റെ റിപ്പോര്‍ട്ടില്‍ വരച്ചുകാട്ടുന്നുണ്ട്.

കേരളത്തില്‍ ഒരു സമുദായമെന്ന നിലക്ക് 27 ശതമാനമുള്ള മുസ്‌ലിംകള്‍ 23 ശതമാനമുള്ള ഈഴവരേക്കാളും 18 ശതമാനമുള്ള ക്രിസ്ത്യാനികളേക്കാളും 15 ശതമാനമുള്ള നായര്‍ വിഭാഗത്തേക്കാളും സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലൊക്കെ തന്നെയും വളരെ വളരെ പിറകിലാണ്. പ്രാദേശികവും മതപരവും മറ്റുമായ ഗുണാത്മകവും ഋണാത്മകവുമായ പലവിധ കാരണങ്ങളാല്‍ മുസ്‌ലിം സമുദായം പിന്തള്ളപ്പെട്ടു. ബ്രിട്ടീഷുകാരുടെ കാലത്തും തുടര്‍ന്നും ക്രിസ്ത്യന്‍ സഭകളും നായര്‍ സൊസൈറ്റികളും ഈഴവ സംഘടനകളും പുനരുദ്ധാരണത്തിനും രാഷ്ട്രീയ അവബോധത്തിനും വിധേയരാകുകയും അര്‍ഹമായ അവകാശ സംരക്ഷണം കരസ്ഥമാക്കുകയും ചെയ്തു.

എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പിന്നാക്കാവസ്ഥക്കൊപ്പം ഇതപര്യന്തമുള്ള സര്‍ക്കാറുകളും ബ്യൂറോക്രസികളും ഈ സമുദായത്തോട് കാണിച്ച വിവേചനപരമായ സമീപനം ഒരിക്കലും പൊറുക്കപ്പെടാവുന്നതല്ല. കേരളത്തിന്റെ ധനകാര്യ – വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പ്രത്യക്ഷ ലിസ്റ്റ് തന്നെ അതിന് തെളിവാണ്. കൂടാതെ ഭരണരംഗത്ത് നിന്ന് മുസ്‌ലിംകള്‍ വിവേചനം അനുഭവിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു 2000ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രീഡിഗ്രി എടുത്തുമാറ്റിയപ്പോള്‍ സ്വീകരിച്ച നയം. എടുത്തു കളഞ്ഞ സീറ്റുകള്‍ക്ക് പകരമായി മുസ്‌ലിം മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര സീറ്റ് അനുവദിച്ചില്ല. സമുദായാടിസ്ഥാനത്തില്‍ അന്നനുവദിച്ച സീറ്റുകളുടെ എണ്ണം ഇപ്രകാരമായിരുന്നു. ജനസംഖ്യയുടെ 21 ശതമാനമുള്ള ക്രൈസ്തവര്‍ക്ക് 201 (47 ശതമാനം) സീറ്റുകള്‍. 23 ശതമാനമുള്ള ഈഴവ വിഭാഗത്തിന് 71 (16.6 ശതമാനം) സീറ്റുകള്‍. 14 ശതമാനമുള്ള നായര്‍ വിഭാഗത്തിന് 99 (23.1 ശതമാനം) സീറ്റുകള്‍. എന്നാല്‍ 24 ശതമാനമുള്ള മുസ്‌ലിം സമുദായത്തിന് ലഭിച്ച സീറ്റുകളാകട്ടെ 70 (15.9 ശതമാനവും) എണ്ണവും.

ചുരുക്കത്തില്‍ ഇതഃപര്യന്തമുള്ള സര്‍ക്കാറുകള്‍ മലബാറിനോട് കാണിച്ച ക്രൂരമായ അവഗണന തിരിച്ചറിയപ്പെട്ടതും മുസ്‌ലിം സമുദായത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, സാമൂഹിക ഉണര്‍വുകളും തങ്ങളും മറ്റ് മുന്നാക്ക സവര്‍ണ ജാതികളും കൈയടക്കിവെച്ചിരിക്കുന്ന സാമ്പത്തിക – വിദ്യാഭ്യാസ – ഭരണ മേഖലകളിലെ മേല്‍ക്കോയ്മ നഷ്ടപ്പെടുത്തുമോ എന്ന ഭീതിയും തങ്ങളുടെ യുവസമൂഹങ്ങളില്‍ കാണുന്ന അപഥ സഞ്ചാരങ്ങളും പിറകോട്ടടിയുമാണ് പാലാ ബിഷപ്പുമാരെ വിറളി പിടിപ്പിക്കുന്നത്. അഞ്ചാം മന്ത്രി മുതല്‍ ന്യൂനപക്ഷ സംവരണം വരെ വിവാദമാക്കുന്നതിലെ “ഗുട്ടന്‍സ്’ അതാണ്. മുസ്‌ലിം സമൂഹത്തിന്റെ ഈ ഉണര്‍വും വളര്‍ച്ചയും ഇങ്ങനെ മുന്നോട്ട് പോയാല്‍ പോലും കേരളത്തിലെ ക്രിസ്ത്യന്‍ – മുന്നാക്ക സവര്‍ണ ജാതികളുടെ നാലയലത്തുപോലുമെത്തണമെങ്കില്‍ ദശാബ്ദങ്ങള്‍ വേണ്ടിവരും. എന്നിട്ടും അത്ര പോലും സഹിഷ്ണുത അവര്‍ക്കില്ലെന്നര്‍ഥം. മലബാറിലെ അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഹൈ സ്‌കൂളുകളായി ഉയര്‍ത്തുമെന്ന കേവല പ്രഖ്യാപനങ്ങളുടെ നെയിം ബോര്‍ഡ് വെക്കാനും താലൂക്ക് ഹോസ്പിറ്റലുകള്‍ മെഡിക്കല്‍ കോളജുകളാക്കുമെന്ന കേവല പ്രഖ്യാപന ബോര്‍ഡ് മാറ്റല്‍ മഹാമഹത്തിനുമുള്ള പണം പോലും ഇനിയും നാട്ടുകാരുടെയും മാപ്പിളമാരുടെയും കൈയില്‍ നിന്ന് തന്നെ ചെലവഴിക്കണമെന്ന പരിഹാസ്യമായ പെരുമാറ്റങ്ങള്‍ അവരില്‍ തുടരുന്നുവെന്നര്‍ഥം. അവരുടെ മക്കളും പേരമക്കളുമുള്‍പ്പെടെ ക്രൈസ്തവ യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ചേക്കേറി ജീവിതം ആസ്വദിച്ച് കൊണ്ടിരിക്കുമ്പോള്‍ ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചേക്കേറി തങ്ങളുടെ വിയര്‍പ്പ് കണങ്ങള്‍ നമ്മുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നതാണ് യഥാര്‍ഥത്തില്‍ കേരളത്തിന്റെ വരുമാനത്തിന്റെ 35 – 40 ശതമാനവും. ആ സാമ്പത്തിക സ്രോതസ്സാണ് യഥാര്‍ഥത്തില്‍ നമ്മള്‍ മേനി പറയുന്ന കേരള മോഡലിന്റെ അടിസ്ഥാനം. എന്നിട്ട് നാമവര്‍ക്ക് തിരിച്ചുകൊടുക്കുന്നതോ തികഞ്ഞ അവഗണനയും അപരവത്കരണവും.

കേരളത്തിലെ പോലീസും കോടതിയും സര്‍ക്കാറും മാത്രമല്ല, സാക്ഷാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വരെ പാര്‍ലിമെന്റിലും രാജ്യസഭയിലുമൊക്കെ വ്യക്തമാക്കിയതാണ് ലവ് ജിഹാദ് എന്ന ഒരു സംഭവമേ ഇല്ലെന്ന്. എന്നിട്ടും അതില്‍ കടിച്ച് തൂങ്ങി പുതിയൊരു നാര്‍കോട്ടിക് ജിഹാദ് കൂടെ കണ്ടെത്തുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്. ഒരു സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ പുരോഗതി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം വളര്‍ച്ചയോ വികസനമോ അല്ല. എല്ലാവരുടെയും വികസനവും വളര്‍ച്ചയുമാണ്. അല്ലെങ്കില്‍ ആ നാട് പരസ്പര വിശ്വാസമോ സഹകരണമോ സൗഹാര്‍ദമോ ഇല്ലാത്ത, അകല്‍ച്ചയും അസമത്വങ്ങളും അരാജകത്വവും നിറഞ്ഞ, ആഭ്യന്തര ശൈഥില്യങ്ങളും അസമാധാനവും വാഴുന്ന ഒരു സംസ്ഥാനമായി മാറും. നമ്മുടെ സുന്ദര കേരളം അങ്ങനെയാകാതിരിക്കട്ടെ.

Latest