Kerala
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുകയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു

ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹഗചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ നാളെ തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുകയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് 136 അടിയെത്തിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ ഷട്ടര്‍ തുറക്കാനുള്ള തീരുമാനം മാറ്റാന്‍ സാധ്യതയുണ്ട്. നേരത്തെ ഷട്ടറുകള്‍ തുറക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പെരിയാറിലേക്ക് ഡാമിലെ വെള്ളം ഒഴുക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട നിലയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പീച്ചി ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് കരുവന്നൂര്‍, മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.