Connect with us

Poem

ഏറ്റവുമൊടുവിൽ...

ഏറ്റവുമൊടുവിൽ ദൂരെ ദൂരെ ഒരു പൊട്ടായി മറഞ്ഞു.

Published

|

Last Updated

പാടവരമ്പത്തിരുന്ന് രാഷ്ട്രീയ-
ച്ചർച്ചകളിലേർപ്പെട്ടിരുന്ന
തവളകളെല്ലാമൊരുനാൾ
കാർഷിക സമരത്തിനായി
രാഷ്ട്രനഗരിയിലേക്ക്
ചേക്കേറി.

കർഷകരില്ലെങ്കിൽ
വയലുകളില്ലെന്നും
ജീവനില്ലെന്നും
പേക്രോം പേക്രോമെന്ന്
സൊറ പറഞ്ഞിരുന്നവർക്കാണ്
ആദ്യം വെളിവു വന്നത്.

തവളത്തലകളോരോന്നും
അറുത്തു മാറ്റപ്പെട്ടിട്ടും
ഊണുമേശയിൽ വിഭവമാ-
യെത്തിയപ്പോഴും
തളരാതെയവർ വീണ്ടും വീണ്ടും
മുദ്രാവാക്യം വിളിച്ചു.

ചീവീടുകൾ തവളകൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌
കൂടെനിന്നപ്പോൾ
സമരശബ്ദത്തിന് മൂർച്ചയേറി.

കീടനാശിനിപ്രയോഗങ്ങളിൽ
സമരശബ്ദം തളർന്ന്,
ഒടുവിലത് നിലച്ചു.

ഇന്നലെകളിൽ പച്ചപ്പുണർത്തിയ
പാടവരമ്പുകൾ ഇടിഞ്ഞുവീണു,
ജീവ ഗോത്രങ്ങളെയെല്ലാം
മണ്ണിനടിയിൽ മറമാടി
വിജയപതാക കാറ്റിലാടി.

ഇന്നലെകൾ ശിശിരകാലത്തേക്ക്
വേഗത്തിൽ നടപ്പാത തീർത്തു,
ദ്രവിച്ച ഏടുകളോരോന്നും
മണ്ണിലുതിർന്ന് മരണമടഞ്ഞു.

ഒടുവിൽ, ഒരു ശ്വാസത്തിനപ്പുറം
ഇന്നലെകൾ ഇന്നിലേക്ക് വഴിമാറി,
ഒരെത്തിനോട്ടത്തിനിടം നൽകാതെ
ഇന്നിന്റെ കൈക്കരുത്തിൽ
ഇന്നലെകൾ മണ്മറഞ്ഞു.

ചില മനസ്സുകൾ മാത്രം
വേപഥു പൂണ്ടു,
തിരിച്ചുപോക്കിനായി
അത്രമേൽ കൊതിച്ചു,
സ്വപ്നങ്ങളിൽ മാത്രം
ഇന്നലെകളെ പുണർന്നു,
ചിരിച്ചു.

ചങ്ങലക്കണ്ണിയിൽ കോർത്ത
മനസ്സുകൾ
ബന്ധനങ്ങൾ പൊട്ടിച്ചു
ആകാശത്ത് പട്ടം പോൽ
വഴിതെറ്റിയലഞ്ഞു,
ഏറ്റവുമൊടുവിൽ
ദൂരെ ദൂരെ ഒരു പൊട്ടായി മറഞ്ഞു.