National
മോര്‍ബി ദുരന്തം: ഒറേവ ഗ്രൂപ്പ് പ്രമോര്‍ട്ടറുടെ പേര് കുറ്റപത്രത്തില്‍
അജന്ത-ഒറേവ ഗ്രൂപ്പിന്റെ പ്രമോര്‍ട്ടര്‍ ജയ്‌സുഖ് പട്ടേലിന്റെ പേരാണ് ഗുജറാത്ത് പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്

മോര്‍ബി | ഗുജറാത്തിലെ മോര്‍ബിയിൽ തൂക്കുപാലം തകര്‍ന്ന് വീണ് 141 പേര്‍ മരിച്ച സംഭവത്തില്‍ പാലം പുനര്‍നിര്‍മ്മിച്ച ഒറേവ ഗ്രൂപ്പിന്റെ പ്രമോര്‍ട്ടറുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. അജന്ത-ഒറേവ ഗ്രൂപ്പിന്റെ പ്രമോര്‍ട്ടര്‍ ജയ്‌സുഖ് പട്ടേലിന്റെ പേരാണ് ഗുജറാത്ത് പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. 1,262 പേജുള്ള കുറ്റപത്രത്തില്‍ പ്രധാനപ്രതിയായാണ് ജയ്‌സുഖ്.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പട്ടേല്‍ ഒളിവില്‍ കഴിയുകയാണ്. ചോദ്യം ചെയ്യുന്നതിന് ഹാജരാകാനുളള സമ്മന്‍സുകള്‍ ഇയാൾ അവഗണിച്ചതിനെ തുടർന്ന് സി. ആര്‍.പി.സി 70 പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾക്ക് എതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്റ്റ് തടയാന്‍ ജയ്‌സുഖ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
സംഭവത്തില്‍ ഇതുവരെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സബ് കോണ്‍ട്രാക്ടര്‍മാര്‍, ടിക്കറ്റ് ക്ലര്‍ക്കുമാരായ കൂലിത്തൊഴിലാളികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
വാച്ച് നിര്‍മാണത്തില്‍ പ്രശസ്തരായ ഒറേവ ഗ്രൂപ്പിനാണ് മോര്‍ബി പാലത്തിന്റെ പുനര്‍നിര്‍മാണവും നടത്തിപ്പും കരാര്‍ നല്‍കിയത്. പാലം തുറന്ന് കൊടുത്ത് നാലു ദിവസത്തിനു ശേഷം ഒക്ടോബര്‍ 30 ന് അത് തകര്‍ന്ന് വീണ് 135 ആളുകള്‍ മരിച്ചു. പാലത്തിന്റെ ശേഷിയേക്കൾ കൂടുതൽ പേർ ഒരേ സമയം കയറ്റിയതുള്‍പ്പെടെ പ്രശ്‌നങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.