Kerala
എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചിരി മാത്രം; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
കേസില്‍ രാഹുലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി.
തിരുവനന്തപുരം|ബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി. അറസ്റ്റിനുശേഷം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും രാഹുല്‍ മറുപടി നല്‍കിയിട്ടില്ല. ഇന്നലെ കസ്റ്റഡിയില്‍ കിട്ടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലും രാഹുല്‍ ഒന്നും മിണ്ടാതെ ചിരിക്കുക മാത്രമാണ് ചെയ്തത്. എസ്‌ഐടിയ്ക്ക് നിര്‍ണായക വിവരങ്ങള്‍ പലതും രാഹുലില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്.
പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ രാഹുല്‍ ഒളിപ്പിച്ചിരിക്കുകയാണ്. ഇതെവിടെയാണെന്ന് എസ്‌ഐടിയ്ക്ക് അറിയണം. രാഹുല്‍ ഒന്നും മിണ്ടാതിരിക്കുകയും നിസഹകരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറുപടി നല്‍കാതെ കസ്റ്റഡി കാലാവധി തീര്‍ക്കാനാണ് രാഹുലിന്റെ നീക്കം. എന്നാല്‍ രാഹുലിനെ നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അന്വേഷണ സംഘം കൂടുതല്‍ ദിവസം ആവശ്യപ്പെട്ടേക്കും.
അതേസമയം, കേസില്‍ രാഹുലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്. തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ല. തെളിവെടുപ്പിന് ശേഷം രാഹുലുമായി അന്വേഷണ സംഘം എആര്‍ ക്യാമ്പിലേക്ക് മടങ്ങി.


