Connect with us

Uae

സാമ്പത്തിക വൈവിധ്യവത്കരണം; എണ്ണയിതര മേഖലകളിൽ മികച്ച വളർച്ച

എണ്ണയിതര മേഖലകളുടെ വിഹിതം 75 ശതമാനം കടന്നു

Published

|

Last Updated

അബൂദബി|യു എ ഇ നടപ്പിലാക്കുന്ന സാമ്പത്തിക വൈവിധ്യവത്കരണ നയം സുസ്ഥിര വളർച്ചയുടെ പുതിയ ഘട്ടത്തിന് അടിത്തറ പാകിയതായി സാമ്പത്തിക വിദഗ്ധർ. പരമ്പരാഗത വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധികളെ കരുത്തോടെ നേരിടാനും ഈ നയം രാജ്യത്തെ പ്രാപ്തമാക്കി. അറിവും നൂതന സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയുള്ള പുത്തൻ സാമ്പത്തിക ക്രമത്തിലൂടെ ദീർഘകാല നിക്ഷേപ അവസരങ്ങളാണ് രാജ്യം തുറന്നിടുന്നത്.

കഴിഞ്ഞ വർഷം യു എ ഇയുടെ എണ്ണയിതര മേഖലകൾ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 75 ശതമാനത്തിലധികം വിഹിതം കൈവരിച്ചു. ഇതിന്റെ മൂല്യം ഏകദേശം 1.34 ട്രില്യൺ ദിർഹമാണെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. അഹ് മദ് ത്രാബൽസി പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വളർച്ചയാണ് ഈ മേഖലയിലുണ്ടായത്. അതേസമയം, എണ്ണയെ ആശ്രയിക്കുന്നത് 23 ശതമാനത്തിൽ താഴെയായി കുറഞ്ഞു. വ്യാപാരം, വ്യവസായം, ധനകാര്യ സേവനങ്ങൾ, വിനോദസഞ്ചാരം എന്നീ മേഖലകൾ കരുത്താർജിക്കുന്നത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എണ്ണയിതര കയറ്റുമതി 800 ബില്യൺ ദിർഹമായി ഉയർത്തുന്നതിലൂടെ വറ്റാത്ത സമ്പത്ത് കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു എ ഇയുടെ സാമ്പത്തിക വൈവിധ്യവത്കരണം വെറുമൊരു മുദ്രാവാക്യമല്ലെന്നും കണക്കുകൾ നിരത്തിയുള്ള യാഥാർഥ്യമാണെന്നും അബൂദബി ചേംബർ ഓഫ് കൊമേഴ്സ് മുൻ ബോർഡ് അംഗം ഹമദ് അൽ അവാദി പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ എണ്ണയിതര ആഭ്യന്തര ഉത്പാദനം 77.3 ശതമാനമായി ഉയർന്നത് രാജ്യത്തിന്റെ വിജയകരമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

 

 

Latest