From the print
മംഗളൂരുവിലെ ആള്‍ക്കൂട്ടക്കൊല: അശ്റഫിന്റെ മയ്യിത്ത് ഖബറടക്കി
ഇന്നലെ രാവിലെ പത്തരയോടെയാണ് ചോലക്കുണ്ടിലെ ബന്ധുവീട്ടില്‍ മയ്യിത്തെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ചോലക്കുണ്ട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

വേങ്ങര | മംഗളൂരുവില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ വേങ്ങര പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി മൂച്ചിക്കാടന്‍ അശ്റഫി (37) ന്റെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ഇന്നലെ രാവിലെ പത്തരയോടെയാണ് ചോലക്കുണ്ടിലെ ബന്ധുവീട്ടില്‍ മയ്യിത്തെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ചോലക്കുണ്ട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് അശ്‌റഫ് കൊല്ലപ്പെട്ടത്. കുഡുപ്പു പാലത്തിനടുത്താണ് മൃതദേഹം കണ്ടത്. മാനസിക വൈകല്യമുള്ള അശ്‌റഫിനെ ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് വെച്ച് മര്‍ദിച്ചുകൊന്ന് മൃതദേഹം ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ക്രിക്കറ്റ് മത്സരം നടക്കവേ അവിടെവെച്ച് വെള്ളം കുടിച്ചുവെന്ന് ആരോപിച്ച് മര്‍ദിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍, പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചതിനാണ് മര്‍ദനമെന്നാണ് സംഘ്പരിവാര്‍ പറയുന്നത്.
മംഗളൂരുവില്‍ ആക്രി പെറുക്കി വിറ്റാണ് അശ്റഫ് ഉപജീവനം നടത്തിയിരുന്നത്. ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.