Connect with us

Kerala

മംഗളുരുവില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസ് കൃത്യ വിലോപം നടത്തിയെന്നും ആള്‍ക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി.

Published

|

Last Updated

മംഗളുരു| മംഗളുരുവില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മംഗളുരു റൂറല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലയിങ്ക എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന അഷ്റഫിനെ പോലീസ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മലയാളി യുവാവ് അഷ്‌റഫിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

പോലീസ് ടാര്‍പ്പോളിന്‍ ഷീറ്റ് ഇട്ട് മൂടി രണ്ട് മണിക്കൂര്‍ മൃതദേഹം വഴിയില്‍ കിടത്തി അസ്വഭാവിക മരണം എന്ന് മാത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മൂന്ന് ദിവസത്തിനുശേഷമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. പോലീസ് കൃത്യ വിലോപം നടത്തിയെന്നും ആള്‍ക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് ഇപ്പോഴുള്ള നടപടി.

അഷ്റഫിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 19 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. മര്‍ദ്ദിച്ച ശേഷം അഷ്‌റഫ് മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

 

 

 

Latest