Editorial
ഗതാഗത സാക്ഷരതയില്‍ മലയാളി പിന്നില്‍
നിസ്സാരമാണ് പലര്‍ക്കും റോഡുകളിലെ നിയമലംഘനം. ഈ മനോഭാവം മാറ്റേണ്ടതുണ്ട്. മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റവും ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതര പ്രശ്‌നവുമാണിതെന്ന തിരിച്ചറിവ് വേണം.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രഭാവതിയമ്മയാണിപ്പോള്‍ താരം. നഗരത്തിലെ ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളെ ചോദ്യം ചെയ്യുകയും നിയമം പഠിപ്പിക്കുകയും ചെയ്ത പ്രഭാവതിയമ്മ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരു വ്യക്തിയുടെ ധൈര്യപ്രകടനമെന്നതിനപ്പുറം പൗരബോധത്തിന്റെ ശക്തമായ സന്ദേശമായി മാറി അവരുടെ ഇടപെടല്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രഭാവതിയമ്മയുടെ വീട്ടിലെത്തി പൊന്നാടയണിച്ച് അവരുടെ ആര്‍ജവത്തെയും പൗരബോധത്തെയും ആദരിക്കുകയുണ്ടായി.
റോഡുകളുടെ വശങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മിച്ച ഫുട്പാത്തിലൂടെ ബൈക്ക് ഓടിക്കുന്നത് മുതല്‍ സിഗ്നല്‍ മറികടക്കല്‍, അമിതവേഗം, തെറ്റായ വശത്തു കൂടെ വാഹനമോടിക്കല്‍, സിഗ്നല്‍ ജംപിംഗ്, ഡ്രൈവിഗ് വേളയിലെ മൊബൈല്‍ ഉപയോഗം, ഹെല്‍മറ്റ്- സീറ്റ് ബെല്‍റ്റ് നിയമലംഘനം വരെ വ്യാപകമാണെങ്ങും. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചവരെങ്കിലും ഗതാഗത സാക്ഷരതയുടെ കാര്യത്തില്‍ പിന്നിലാണ് മലയാളികളില്‍ നല്ലൊരു പങ്കും. പൊതുറോഡുകളില്‍ വാഹനങ്ങളുമായി ഇറങ്ങുമ്പോള്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു. നിയമങ്ങള്‍ മിക്കവര്‍ക്കും അറിയാം. അത് പാലിക്കാനുള്ള മനോഭാവം കുറവാണ് പലരിലും. എല്ലാവര്‍ക്കും തിരക്കാണ്. നിയമം ലംഘിച്ചാണെങ്കിലും എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്തണം. റോഡുകളില്‍ തിരക്കേറുമ്പോള്‍ ഫുട്പാത്തില്‍ അതിക്രമിച്ചു കയറിയും ബൈക്ക് ഓടിക്കുന്നു. ഗതാഗത നിയമലംഘനം ഒരു ശീലമോ വീരകൃത്യമോ ആയി കാണുന്ന പൊതുബോധം തന്നെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു സമൂഹത്തില്‍. ഇത്തരമൊരു നിയമലംഘകനോടാണ് കോഴിക്കോട്ട് പ്രഭാവതിയമ്മ പ്രതികരിച്ചത്.
റോഡിലെ തിരക്കില്‍ നിന്നും ബ്ലോക്കുകളില്‍ നിന്നും രക്ഷപ്പെടാനുള്ള എളുപ്പവഴിയായി ബൈക്ക് യാത്രക്കാര്‍ ഫുട്പാത്തുകളെ കാണുന്നു. കാല്‍നട യാത്രക്കാര്‍ക്ക് വിശിഷ്യാ കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുരക്ഷിതമായി നടക്കാനുള്ള ഇടമാണ് ഫുട്പാത്ത്. അതിലൂടെ ബൈക്ക് ഓടിക്കുന്നത് അപകടകരവും നിയമവിരുദ്ധവും കാല്‍നട യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയുമാണ്. ഇത് കുറ്റകരമാണെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നിയമലംഘനത്തെ സാധാരണ പ്രവണതയായി കാണുന്ന മനോഭാവത്തിന്റെയും നിയമം നടപ്പാക്കുന്നതില്‍ സംഭവിക്കുന്ന ദൗര്‍ബല്യത്തിന്റെയും ഫലമാണ് ഇത്തരം നിയമലംഘനങ്ങള്‍.
ദേശീയ പാതകള്‍ നവീകരിക്കപ്പെടുകയും അത്യന്താധുനിക റോഡുകള്‍ സ്ഥാപിതമാകുകയും ചെയ്യുമ്പോള്‍ വേഗ പരിധി മറികടക്കുന്നത് പതിവു സംഭവമാണ്. വേഗതയല്ല, സുരക്ഷിതത്വമാണ് പ്രധാനമെന്ന ബോധം പലര്‍ക്കുമില്ല. വളവുകളിലും തിരിവുകളിലും പാലിക്കേണ്ട മിനിമം മര്യാദകള്‍ പോലും ലംഘിക്കപ്പെടുകയും ഇത്തരം മേഖലകളെ അപകടകരമായ രീതിയില്‍ മറികടക്കുകയും ചെയ്യുന്നു. ശ്രദ്ധ തെറ്റിക്കുകയും ദുരന്തം വിതക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഡ്രൈവിംഗിനിടയിലെ ഫോണ്‍ ഉപയോഗം. പോലീസിനെ കാണുമ്പോഴോ ക്യാമറകള്‍ സ്ഥാപിച്ച ഭാഗങ്ങളിലോ ട്രാഫിക് പരിശോധനക്ക് സാധ്യതയുള്ളയിടങ്ങളിലോ മാത്രം ധരിക്കാനുള്ളതാണ് പലര്‍ക്കും ഹെല്‍മറ്റ്. ഇവ ജീവന്‍ രക്ഷിക്കാനുള്ളതാണെന്ന ബോധം വളര്‍ന്നു വരേണ്ടതുണ്ട്. ഇരുചക്ര വാഹനങ്ങളാണ് സംസ്ഥാനത്തെ റോഡപകടങ്ങളില്‍ പകുതിയിലേറെയും സൃഷ്ടിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്തതാണ് ബൈക്ക് അപകടങ്ങളിലെ മരണസംഖ്യ ഉയര്‍ത്തുന്ന പ്രധാന ഘടകം. മദ്യപിച്ചും മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നത് സ്വന്തം ജീവന്‍ മാത്രമല്ല, നിരപരാധികളായ മറ്റുള്ളവരുടെ ജീവന്‍ കൂടിയാണ് അപായപ്പെടുത്തുന്നത്.
ഗതാഗതവുമായി ബന്ധപ്പെട്ട് റോഡുകളില്‍ നടപ്പാക്കേണ്ട വ്യക്തമായ ലൈന്‍ മാര്‍ക്കിംഗ്, നടപ്പാതകളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ അധികൃതരുടെ ഭാഗത്ത് വരുന്ന ശ്രദ്ധക്കുറവും അലംഭാവവുമാണ് ചിലപ്പോഴെങ്കിലും നിയമലംഘനങ്ങള്‍ക്കും റോഡപകടങ്ങള്‍ക്കും വഴിയൊരുക്കുന്നത്. പാതയോരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ അശാസ്ത്രീയ സിഗ്നലും വെളിച്ചക്കുറവും കാണപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ അധികൃതരും ശ്രദ്ധിക്കേണ്ടതുണ്ട്.
നിസ്സാരമാണ് പലര്‍ക്കും റോഡുകളിലെ നിയമലംഘനം. ഈ മനോഭാവം മാറ്റേണ്ടതുണ്ട്. മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റവും ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതര പ്രശ്‌നവുമാണിതെന്ന തിരിച്ചറിവ് വേണം. സാക്ഷരതയെന്നത് വെറും അക്ഷരങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമല്ല, നിയമങ്ങളോടുള്ള പ്രതിബദ്ധതയും മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കലുമാണ്. ഉയര്‍ന്ന പൗരബോധത്തിന്റെ അടയാളവുമാണ്. റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ഏറെ മുന്നേറേണ്ടതുണ്ട് കേരളീയ സമൂഹം. റോഡുകളിലും പ്രതിഫലിക്കേണ്ടതുണ്ട് നമ്മുടെ സംസ്‌കാരം.
റോഡ് സുരക്ഷിതത്വത്തിനായി പ്രധാന നിരത്തുകളിലുടനീളം എ ഐ ക്യാമറകള്‍ സ്ഥാപിക്കുകയും പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. ഇതുമൂലം പൊതുഖജനാവിലേക്കുള്ള പിഴസംഖ്യയുടെ തോത് വര്‍ധിച്ചിട്ടുണ്ടെങ്കിലും റോഡപകടങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ കുറവ് വന്നിട്ടില്ല. 2023-24 വര്‍ഷത്തെ കണക്ക് പ്രകാരം ദിനംപ്രതി 120-125 റോഡപകങ്ങളും 12-15 മരണവും സംഭവിക്കുന്നു. നിയമ നടപടികള്‍ക്കപ്പുറം ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ട അച്ചടക്ക നടപടിയായി കാണേണ്ടതാണ് റോഡ് നിയമങ്ങളെ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കുട്ടികളില്‍ ചെറുപ്പത്തിലേ റോഡ് സുരക്ഷാ ബോധവത്കരണം നല്‍കേണ്ടതുണ്ട്. നിയമലംഘനം കാണുമ്പോള്‍ മൗനം പാലിക്കാതെ അതിനെ ചോദ്യം ചെയ്യാനും ഉത്തരവാദപ്പെട്ടവരെ വിവരമറിയിക്കാനുമുള്ള പൗരബോധം വളര്‍ന്നു വരണം. അധികാരികളും പൊതുസമൂഹവും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചെങ്കിലേ ഗതാഗത സുരക്ഷിതത്വം സാധ്യമാകുകയുള്ളൂ.





