Connect with us

Malappuram

മലപ്പുറം അസീസ്; വിടവാങ്ങിയത് മധ്യനിരയിലെ റിക്ഷാവാല

സന്തോഷ് ട്രോഫിയിൽ നാല് ടീമുകൾക്ക് വേണ്ടി കളിച്ച താരം

Published

|

Last Updated

മലപ്പുറം | കാൽപ്പന്തുകളിയുടെ മൈതാനത്ത് കളിയുടെ “ഡ്രൈവർ’ ആരെന്ന് ചോദിച്ചാൽ ഉടനടി ഉത്തരം വരും, അത് മധ്യനിരക്കാരൻ തന്നെ. കളിയുടെ ഉശിര് കൂട്ടി പന്തിനെ ഗോൾ വല ലക്ഷ്യമാക്കി തൊടുത്തു വിടുന്ന പോരാളി. അതായിരുന്നു ഇന്നലെ അന്തരിച്ച കാൽപ്പന്തുകളി മൈതാനത്തെ അതുല്യ പ്രതിഭ മലപ്പുറം അസീസ്. രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിലൊരാളായിരുന്നു അസീസ്. മധ്യനിരയിൽ കളിമെനഞ്ഞിരുന്ന അദ്ദേഹത്തെ “റിക്ഷാവാല’ എന്നാണ് മുഹമ്മദൻസ് പ്രേമികൾ വിളിച്ചിരുന്നത്. കാരണം മറ്റൊന്നുമല്ല, മധ്യനിരയിൽ അദ്ദേഹം നടത്തുന്ന അധ്വാനം തന്നെ.

ഡ്യൂറണ്ട് കപ്പ് സുവനീറിൽ നോവി കപാഡിയയുടെ ഡ്രീം ഇലവനടക്കം കളിയെഴുത്തിന്റെ ആശാൻ വിംസി, മുൻ അന്താരാഷ്ട്ര താരം എൻ എം നജീബ്, ജയ്ദീപ് ബസു തുടങ്ങിയവരുടെയെല്ലാം ഇന്ത്യയുടെ “ഡ്രീം ഇലവനിൽ’ മധ്യനിരയിയിലെ പോരാളി മറ്റാരുമായിരുന്നില്ല. ഇന്ത്യൻ കുപ്പായത്തിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല അസീസ്. പക്ഷേ, ബൂട്ടഴിച്ച് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും “ഇന്ത്യൻ ഡ്രീം ഇലവനിൽ’ കളിച്ചുകൊണ്ടേയിരുന്നു. മധ്യനിരയിൽ നിന്ന് പ്രതിരോധത്തെ കീറിമുറിക്കുന്ന ബൈപാസുകളും ലോംഗ് റേഞ്ച് ഷൂട്ടുകളുമായിരുന്നു അസീസിന്റെ ആയുധം. മൈസൂർ, സർവീസസ്, ബംഗാൾ, മഹാരാഷ്ട്ര എന്നിങ്ങനെ നാല് ടീമുകൾക്കായാണ് അസീസ് സന്തോഷ് ട്രോഫിയിൽ ബൂട്ട്‌ കെട്ടിയത്.

കേരളത്തിനായി കളിക്കണമെന്ന് പല തവണ ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയി. കോഴിക്കോട് ജില്ലാ ലീഗിലൂടെയാണ് അസീസിന്റെ ഫുട്ബോൾ വളർച്ച. ചെറു പ്രായത്തിൽ തന്നെ മികച്ച കളിക്കാരനായി അറിയപ്പെട്ടു. മലപ്പുറത്ത് കളികാണാൻ എത്താറുള്ള ബ്രിട്ടീഷ് ഫുട്‌ബോൾ ക്ലബായ എം ആർ സി വെല്ലിംഗ്ടണിന്റെ കോച്ച് മേജർ ഡാനി സംഗർ അദ്ദേഹത്തിന്റെ കളിമിടുക്ക് കണ്ട് ഫുട്‌ബോൾ പരിശീലനത്തിനായി നാഗാലാൻഡിലേക്ക് കൊണ്ടുപോയതോടെയാണ് കളിജീവിതം തുടങ്ങുന്നത്. പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ ഉടൻ പ്രതിഭയെ പട്ടാള ടീമായ എ എസ് സിയിലെത്തിച്ചു. അങ്ങനെ സന്തോഷ് ട്രോഫിയിൽ മൈസൂരിന് വേണ്ടി മൈതാനത്തിറങ്ങി. 1969ൽ ബംഗാളിനെ തോൽപ്പിച്ച് മൈസൂർ സന്തോഷ് ട്രോഫി നേടുമ്പോൾ ടീമിലെ പ്രധാനിയായിരുന്നു. സന്തോഷ് ട്രോഫി നേടാൻ ഭാഗ്യം ലഭിച്ച ആദ്യ മലയാളികളിലൊരാളെന്ന ബഹുമതിയും ഇതോടെ അസീസിനെ തേടിയെത്തി. 1974ൽ മുഹമ്മദൻസിൽ ചേർന്നു. ഏഴ് വർഷത്തോളം അവിടെ തുടർന്നു. ഫുട്‌ബോൾ കരിയറിലെ ഉയർച്ചകൾ സമ്മാനിച്ച കാലം. 1977ലെ പ്രഥമ ഫെഡറേഷൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ മുഹമ്മദൻസിനായി കളിച്ചു. ടീമിനെ നയിച്ചു.

ഇന്ത്യൻ പെലെ എന്നറിയപ്പെട്ട മുഹമ്മദ് ഹബീബ്, സെയ്ദ് നയീമുദ്ദീൻ, തരുൺ ബോസ് എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്. ഈ സമയത്ത് ബംഗാളിനായി സന്തോഷ് ട്രോഫിയിലും ബൂട്ടണിഞ്ഞു. ഡി സി എം, കൽക്കത്ത ലീഗ്, ശ്രീനാരായണ കണ്ണൂർ ടൂർണമെന്റുകളിൽ മുഹമ്മദൻസിനായി കളിച്ചു. ഇതിനു പിന്നാലെ ധാക്ക മുഹമ്മദൻസ് ടീമിനായും കളിച്ചു. 1981 ൽ മുഹമ്മദൻസ് വിട്ട അദ്ദേഹം ഓർകെ മിൽസ് ബോംബെയിൽ ചേർന്നു. അവിടെ വിഫ ട്രോഫി, ബോംബെ ലീഗ് കിരീടങ്ങൾ സ്വന്തമാക്കി. ശ്രീലങ്ക ഉൾപ്പെടെ പങ്കെടുത്ത പെൻഡ്രങ്കുലർ കപ്പിൽ ടീമിന്റെ ക്യാപ്റ്റനായി. ഇക്കാലത്ത് സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്കായി കളത്തിലിറങ്ങി.

ഒന്നിലധികം തവണ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചിട്ടും അസീസ് ആ വഴി പോയില്ല. കളിക്കളം വിട്ട താരം 1986 മുതൽ 2003 വരെ പ്രവാസ ജീവിതം നയിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം അന്തരിച്ച കെ ചേക്കു സഹോദരനാണ്. മലപ്പുറത്തിന്റെ ഫുട്‌ബോൾ ആരവത്തിന് പേരും പെരുമയും നൽകിയ പ്രതിഭാധനനാണ് കളമൊഴിഞ്ഞത്.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ