Kerala
മഹീന്ദ്ര ഥാര്‍ ഇലക്ട്രിക്കിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു
അഞ്ച് ഡോര്‍ പതിപ്പിന്റെ കണ്‍സെപ്റ്റാണ് പ്രദര്‍ശിപ്പിച്ചത്.

ന്യൂഡല്‍ഹി| മഹീന്ദ്ര ജനപ്രിയ ഓഫ് റോഡ് എസ്യുവിയായ ഥാറിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. അഞ്ച് ഡോര്‍ പതിപ്പിന്റെ കണ്‍സെപ്റ്റാണ് കേപ് ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്‌കേപ്പ് ഇവന്റില്‍ വെച്ച് പ്രദര്‍ശിപ്പിച്ചത്. ഥാര്‍.ഇ എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. മെച്ചപ്പെടുത്തിയ ഗ്രൗണ്ട് ക്ലിയറന്‍സ്, മികച്ച ഓഫ്-റോഡ് ശേഷിയുമുള്ള ഐഎന്‍ജിഎല്‍ഒപി1 പ്ലാറ്റ്ഫോം എന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഥാര്‍ ഇലക്ട്രിക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നിലവിലുള്ള പെട്രോള്‍, ഡീസല്‍ മോഡലുകളെ അപേക്ഷിച്ച് മഹീന്ദ്ര ഥാര്‍.ഇ എന്ന വാഹനത്തില്‍ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഉണ്ടായിരിക്കും. ക്യാബിനിനുള്ളില്‍ വ്യത്യസ്ത ഡ്രൈവ് മോഡുകളുമായിട്ടായിരിക്കും വാഹനം എത്തുക.
മഹീന്ദ്ര ഥാര്‍ ഇലക്ട്രിക്കിന്റെ അവതരണ തിയ്യതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2024 മാര്‍ച്ചോടെ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനാല്‍ ഥാര്‍ ഇവി 2024 അവസാനമോ 2025 ആദ്യമോ വാണിജ്യാടിസ്ഥാനത്തില്‍ തന്നെ നിര്‍മ്മിച്ച് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.