Kerala
മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്ഷന്
നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ
കൊച്ചി | മഹാരാജാസ് കോളജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടിയുമായി അധികൃതര്‍. കോളേജ് യൂണിയന് ചെയര്മാന് പ്രണീല്രാജിനെയും വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയയെയും സസ്പെന്‍ഡ് ചെയ്തു. പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ 30-ാം തീയതിയായിരുന്നു മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. കാലടി സര്‍വകലാശാലയിലെ പതിനാറ് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് നടപടി ചൂണ്ടിക്കാട്ടി കോളേജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ ചോദ്യങ്ങളുയര്ത്തുകയായിരുന്നു. പരിപാടി കഴിഞ്ഞ് മറുപടി നല്‍കാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്താണ് ഇത്ര പേടിയെന്ന് നഫീസത്തുല്‍ തിരിച്ച് ചോദിച്ചു. ഇതിനിടെ ‘വിദ്യാര്‍ത്ഥികളെ എന്തിന് സസ്പെന്‍ഡ് ചെയ്തു’, ‘കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല’, എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം ജോണ്‍ മടങ്ങുകയായിരുന്നു.
അതേ സമയം, സസ്പെന്ഷന് നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സംസ്ഥാന വ്യാപകമായി ചോദ്യങ്ങള്‍ ചോദിക്കുമെന്നും സഞ്ജീവ് പറഞ്ഞു. കാലടി സര്‍വകലാശാലയിലെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും സഞ്ജീവ് പറഞ്ഞു.
Content Highlights: Maharaja’s College authorities suspended Union Chairman Praneel Raj and Vice Chairperson Nafeesathul Misriya for 10 days following a protest against Minister Roji M John during graduation day. SFI state leadership stated they will resist the suspension politically and continue nationwide protests.



