Kerala
അതിഥി തൊഴിലാളികള്‍ക്ക് സന്തോഷപ്പെരുന്നാളൊരുക്കി മഅദിന്‍ അക്കാദമി
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ആയിരങ്ങള്‍
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം മഅദിന്‍ അക്കദാമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഈദ് സന്ദേശ പ്രഭാഷണം നടത്തുന്നു.
മലപ്പുറം | പെരുന്നാള്‍ ദിനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സന്തോഷപ്പെരുന്നാളൊരുക്കി മഅദിന്‍ അക്കാദമി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് ജശ്നെ ഈദ് എന്ന പേരില്‍ സംഘടിപ്പിച്ച സംഗമത്തിനെത്തിയത്.
ഈദ് സന്ദേശം, ഭക്ഷണ വിതരണം എന്നിവ നടന്നു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പരസ്പരം ചേര്‍ത്തുപിടിക്കുമ്പോഴാണ് പെരുന്നാള്‍ ആഘോഷം പൂര്‍ണമാവുന്നതെന്നും പട്ടിണി കിടക്കുന്ന മനുഷ്യരുണ്ടാവരുതെന്നും അവരെ തേടിപ്പിടിച്ച് ഭക്ഷണം എത്തിക്കണമെന്നത് വിശ്വാസിയുടെ അനിവാര്യ ധര്‍മങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. യുദ്ധഭീതിയില്‍ ഒറ്റപ്പെട്ടിരിക്കുന്ന പ്രവാസി സുഹൃത്തുക്കള്‍ക്ക് കരുത്തു പകരണമെന്നും ഭയാശങ്കകള്‍ക്കപ്പുറം പ്രതീക്ഷയുള്ള വര്‍ത്തമാനങ്ങള്‍ അവരോട് പറയണമെന്നും അദ്ദേഹം ഉണര്‍ത്തി. ലോക സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.


